വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് രാജ്യം മുഴുവന്‍. അദ്ദേഹം തിരിച്ചെത്തുന്നു എന്ന വാര്‍ത്തയ്ക്ക് ആര്‍പ്പ് വിളിക്കുകയാണ് കോടിക്കണക്കിന് ജനത. കമാന്‍ഡര്‍ അഭിനന്ദനുമായി ബന്ധപ്പെട്ട ഒട്ടേറെക്കാര്യങ്ങള്‍ ജനങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. രാജ്യത്തിനുവേണ്ടി ധീരതയോടെ പോരാടാനുള്ള കഴിവ് അദ്ദേഹത്തിന് എങ്ങനെ ലഭിച്ചു എന്നതും ചര്‍ച്ചയാവുന്നുണ്ട്.
ഇപ്പോഴിതാ തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ല എന്ന പഴഞ്ചൊല്ലിനെ സാധൂകരിക്കുന്ന തരത്തിലുള്ള മറ്റൊരു വിവരം കൂടി പുറത്തു വന്നിരിക്കുന്നു. അഭിനന്ദനന്റെ അമ്മ, ഡോ. ശോഭ വര്‍ധമാനെക്കുറിച്ചുള്ള കാര്യങ്ങളാണത്. ഒരു സ്ത്രീയായിരുന്നിട്ടും ആതുരസേവനമായിരുന്നു പ്രൊഫഷനെങ്കിലും ഇപ്പോള്‍ അഭിനന്ദനന് കടന്നുപോയ തരത്തിലുള്ള പല സാഹസിക ഘട്ടങ്ങളിലൂടെയും കടന്നു പോയിട്ടുള്ള വ്യക്തിയാണ് ഡോ. ശോഭ.
വംശീയ കലാപങ്ങളുടെ ഭൂമികയായ ആഫ്രിക്കയിലെ ലൈബീരിയ, ഐവറി കോസ്റ്റ്, പാപുവാ ന്യൂഗിനിയ, ഹെയ്തി, ലാവോസ് എന്നീ രാജ്യങ്ങളിലും യുദ്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ ഇറാഖിലും ഇറാനിലും മരണത്തെയൂം സ്ഫോടനങ്ങളെയും ചോരപ്പുഴയെയും മനോധൈര്യത്തല് നേരിട്ട ശോഭാ വര്‍ദ്ധനില്‍ നിന്നും ധൈര്യവും ശൗര്യവും അതേപടി അഭിനന്ദനും കിട്ടിയെന്ന് ചുരുക്കം. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ ജോലി ചെയ്തതും യുദ്ധ ഭൂമിയില്‍ തന്നെ.
മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദവും ഇംഗ്ളണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജനില്‍ നിന്നും അനസ്തീഷ്യോളജിയില്‍ ബിരുദാനന്ദ ബിരുദം നേടുകയും ചെയ്ത ഡോ. ശോഭ മെഡിസിന് സാന്‍സ് ഫ്രണ്ടയേഴ്സി (ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍) ന്റെ അംഗം എന്ന നിലയിലാണ് ലോക വേദിയില്‍ സേവന സന്നദ്ധമായത്. എംഎസ്എഫുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് അവരെ കലാപ ഭൂമികളിലേക്ക് എത്തിച്ചത്.
ആഭ്യന്തരകലാപം രൂക്ഷമായ ലൈബീരിയ, കലാപങ്ങള്‍ ധാരാളമുള്ള നൈജീരിയയുടെ വടക്കന്‍ ഭാഗങ്ങള്‍, രണ്ടാം ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിലെ സുലേമാനിയ, മിന്നലാക്രമണങ്ങള്‍, ലൈംഗിക പീഡനങ്ങള്‍, എയ്ഡ്സ് എന്നിവ കൂടുതലായുള്ള പാപുവാ ന്യൂ ഗിനിയ, യാതൊരു വികസനവും ഇല്ലാത്ത ലാവോസ്, ഭൂകമ്പം നാശം വിതച്ച ഹെയ്തി തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ഡോ. ശോഭ എന്നത് എത്രമാത്രം സാഹസികമായി ജീവിച്ച വ്യക്തിയാണ് അവര്‍ എന്നത് തെളിയിക്കും. ഇങ്ങനെയുള്ള ഒരമ്മയ്ക്ക് അഭിനന്ദനനെ പോലുള്ള ഒരു മകനെ കിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.