പാക് കസ്റ്റഡിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് റിട്ടയേഡ് എയര്‍ മാര്‍ഷല്‍ എസ് വര്‍ധമാന്റെ മകനാണ്. മകനെക്കുറിച്ചന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തന്നെ ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ്. വര്ധമാന് രംഗത്ത് വന്നത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന അഭിനന്ദന്റെ വീഡിയോയിലുടെ ഇന്ത്യയില്‍ തെക്കന്‍ പ്രദേശത്ത് നിന്നുള്ളയാളെണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്യത്യമായ സ്ഥലം പറയാന്‍ ചോദ്യം ചെയ്യലിനിടെ അഭിനന്ദന് വിസമ്മതിക്കുകയും ചെയ്തു. എത്രയും വേഗം സുരക്ഷിതമായ തങ്ങളുടെ ഉദ്യോഗസ്ഥനെ തിരികെ നല്‍കണമെന്ന് ഇന്ത്യ പാക്കിസ്താന് താക്കീത് ചെയ്തിട്ടുണ്ട്.
അതേസമയം പാക് സൈന്യം തടവിലാക്കിയ മകന്റെ ജീവിതത്തിലെന്നപോലെ ഒരു കഥയിലൂടെ ഈ മുന്‍സൈനികനും കടന്നുപോയിരുന്നു. മണിരത്നം സംവിധാനം ചെയ്ത് 2017 ല്‍ റിലീസ് ചെയ്ത ‘കാറ്റ്റു വെളിയിടൈ’ എന്ന് സിനിമയ്ക്കുവേണ്ടിയായിരുന്നു അത്. പാക്കിസ്ഥാനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ കഥ പറഞ്ഞ സിനിമയില്‍ വ്യോമസേനാ പശ്ചാത്തലം ചിത്രീകരിച്ചത് കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ (റിട്ട) എസ്. വര്‍ധമാന്റെ വിദഗ്ധ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരുന്നു.
കാര്‍ഗില്‍ യുദ്ധത്തിനിടെ പാക്ക് സൈന്യത്തിന്റെ പിടിയിലാകുന്ന വ്യോമസേന പൈലറ്റിനെ നടന് കാര്‍ത്തിയാണു സിനിമയില്‍ അവതരിപ്പിച്ചത്.