മലയാള സിനിമയിൽ ചുവടുവയ്ക്കാൻ ഒരു കണ്ണൂർകാരൻ കൂടി. മയ്യിൽ എട്ടേയാറിലെ അധ്യാപക ദമ്പതികളായ എ. വിനോദ് കുമാർ – സി.കെ. പ്രീത എന്നിവരുടെ മകനായ മാസ്റ്റർ അഭിനന്ദാണ് സിനിമാ രംഗത്ത് സജീവമാകുന്നത്. ഉദാഹരണം സുജാത എന്ന സിനിമയിൽ മഞ്ജുവാര്യർക്കൊപ്പം മുഴുനീള വേഷത്തിൽ അഭിനന്ദുമുണ്ട്.
നമുക്കൊരു ആകാശം, സ്വനം, കവി ഉദ്ദേശിച്ചത്, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, പോലീസ് ജൂനിയർ എന്നീ ചിത്രങ്ങളിൽ അഭിനന്ദ് അഭിനയിച്ചിട്ടുണ്ട്. പുതിയ വിനീത് ശ്രീനിവാസൻ ചിത്രമായ ആന അലറലോടലറലിലും അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഭിനന്ദ്.കുറ്റ്യാട്ടൂർ സ്വദേശിയായ മാസ്റ്റർ അഭിനന്ദ് നായാട്ടുപാറ പട്ടാന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ പത്താം തരം വിദ്യാർഥിയാണ്.
കുറ്റ്യാട്ടൂർ സെൻട്രൽ യുപി സ്കൂൾ പ്രധാന അധ്യാപകനാണ് എ. വിനോദ് കുമാർ. സി.കെ. പ്രീത അഭിനന്ദ് പഠിക്കുന്ന പട്ടാന്നൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും. അഭിനന്ദിന്റെ ജ്യേഷ്ഠൻ അഭിലാഷ് ഐഐഎസ് ടി കോഴ്സ് പഠിക്കുകയാണ്. അഭിനയവും പഠിത്തവും ഒന്നിച്ച് കൊണ്ടുപോകുന്ന അഭിനന്ദ് ഭാവിയിൽ മലയാള സിനിമയിൽ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്.