അഭിനന്ദന് വര്ധമാന് എന്ന പൈലറ്റ് വിംഗ് കമാന്‍ഡറുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യാ മഹാരാജ്യം മുഴുവന്‍. മൂന്ന് ദിവസമായി പാക്കിസ്ഥാന്റെ തടവില്‍ കഴിയുന്ന അഭിനന്ദിനെ ഇന്ന് വൈകിട്ട് നാലു മണിക്ക് വാഗാ അതിര്‍ത്തിയില്‍ പതിവ് സമയത്ത് ഗേറ്റ് തുറക്കലില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അറിയുന്നത്.
രാജ്യത്തിനുവേണ്ടി ജീവന് പണയം വച്ച് പോരാടിയ ധീര മനുഷ്യന് പരമാവധി സ്വീകരണം നല്‍കാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നതും. അതിനായി ഒരു രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും വാഗാ അതിര്ത്തിയിലാണുള്ളതും. അതിനു മുന്നോടിയായി മണിക്കൂറുകള്‍ മുമ്പേ വാഗാ ഉത്സവ ലഹരിയിലുമായി. പഞ്ചാബിലെ ഏറ്റവും സാധാരണക്കാരനായ കര്ഷകന് മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ അഭിനന്ദനനെ സ്വീകരിക്കാന്‍ എത്തിക്കഴിഞ്ഞു.
ആദ്യം റെഡ്ക്രോസിനാകും പാക് സൈന്യം അഭിനന്ദിനെ കൈമാറുക. അഭിനന്ദന് പാക് തടവില്‍ ശാരീരിക പീഡനങ്ങള്‍ ഏറ്റിട്ടുണ്ടോ എന്ന് റെഡ്ക്രോസ് അധികൃതര്‍ പരിശോധിക്കും. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിശദമായി വിലയിരുത്തും. അതിനുശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സൈനിക കേന്ദ്രത്തില്‍ വച്ച് അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തും. തടവ് സമയത്തെ മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിയുകയാണ് ലക്ഷ്യം.
പാക് സൈന്യത്തില്‍ നിന്നും പീഡനം ഉണ്ടായോ, എന്തെങ്കിലും വിവരങ്ങള്‍ അഭിനന്ദനില്‍ നിന്നും പാക് സൈന്യം ചോര്‍ത്താന്‍ ശ്രമം നടത്തിയോ, എന്തൊക്കെ കാര്യങ്ങളാണ് തടവ് സമയത്ത് പാക് അധികൃതര്‍ ചോദിച്ചറിഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചോദിച്ചറിയും.
4 മണിക്ക് വാഗാ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകളില്‍ പതിവുള്ള ഗേറ്റ് തുറക്കലിന്റെയും പതാക ഉയര്‍ത്തലിന്റെയും സൈനിക പരേഡിന്റെയും സമയമാകും അഭിനന്ദനനെ കൈമാറാന്‍ പാക് അധികൃതര്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സൂചന. രണ്ട് അതിര്‍ത്തികളിലും സൈനികര്‍ പരേഡ് നടത്തുന്നത് ഈ സമയത്താണ്.
അഭിനന്ദനന്റെ മാതാപിതാക്കളും മകനെ സ്വീകരിക്കാന്‍ വാഗായിലെത്തുകയാണ്. ഇന്നലെ വാഗയിലേക്ക് എത്താന്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിക്കുള്ള വിമാനത്തില്‍ കയറിയ അഭിനന്ദനന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞ ഉടന്‍ മറ്റ് യാത്രക്കാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഇവരെ സ്വീകരിച്ചിരുന്നു.
ഇതേസമയം പാക്കിസ്ഥാന് അഭിനന്ദനനെ കൈമാറുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ താനും പോകുന്നുണ്ടെന്ന് വ്യക്തമാക്കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അമരീന്ദറിന്റെ ട്വീറ്റ് അരംഭിക്കുന്നത്. പ്രിയ നരേന്ദ്രമോദിജി, അഭിനന്ദനെ സ്വീകരിക്കുന്നത് അഭിമാനമായാണ് കാണുന്നതെന്നും, സ്വീകരിക്കാന്‍ താന്‍ പോകുമെന്നും അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ താനും അഭിനന്ദിന്റെ പിതാവ് സിംഹക്കുട്ടി വര്‍ധമാനും പൂര്വവിദ്യാര്ത്ഥികളായിരുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.