കുന്നംകുളം: റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കണ്ണടച്ച് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് അദ്ഭുതമാവുകയാണ് പഴഞ്ഞി സ്വദേശിയായ നാലാം ക്ലാസുകാരൻ. പഴഞ്ഞി അരുവായി സ്വദേശി മനോജിന്റെ മകൻ അഭിനവാണ് കണ്ണടച്ച് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന മിടുക്കൻ.
മൂന്നു മാസം മുൻപാണ് അഭിനവിന് ഒരു റൂബിക്സ് ക്യൂബ് ലഭിച്ചത്. പിന്നെ ഇന്റർനെറ്റിൽ നോക്കി അതു സോൾവ് ചെയ്യാനുള്ള വിദ്യകൾ പഠിച്ചു. കൂടുതൽ സമയം റൂബിക്സ്ക്യൂബിനൊപ്പം ചെലവഴിച്ചപ്പോൾ അഭിനവ് വേഗത്തിലും കൃത്യതയിലും സോൾവ് ചെയ്യാൻ പഠിച്ചുകൊണ്ടിരുന്നു. ഒടുവിൽ കണ്ണടച്ചുവരെ സോൾവ് ചെയ്യാമെന്ന സ്ഥിതിയിലെത്തി.
വീട്ടുകാർക്കു മുൻപിലായിരുന്നു ആദ്യ അവതരണം. പിന്നീട് താൻ പഠിക്കുന്ന കുന്നംകുളം ബഥനി സെന്റ് ജോണ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സഹപാഠികൾക്കും അധ്യാപകർക്കും മുൻപിലും അവതരിപ്പിച്ചു. പിതാവിനും പിതാവിന്റെ സുഹൃത്ത് ഡെന്നി പുലിക്കോട്ടിലിനുമൊപ്പം തൃശൂർ പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർക്കുമുന്നിലും അഭിനവ് തന്റെ പ്രകടനം പുറത്തെടുത്തു.
നാലു വ്യത്യസ്ത നിറങ്ങളിലുള്ള കട്ടകൾ ഉള്ള റൂബിക്സ് ക്യൂബിന്റെ ഒരു മുഖത്ത് ഒൻപത് കട്ടകൾ ഉണ്ടായിരിക്കും. പലതരത്തിൽ റൂബിക്സ് ക്യൂബ് തിരിച്ച് എല്ലാ ഭാഗത്തും ഒരേ നിറം വരുത്തിയാണ് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുക. സാധാരണ നിലയിൽ ഏറെ സമയമെടുത്തുമാത്രമേ ഇതു ചെയ്യാനാവൂ.
മൃദംഗത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള അഭിനവ് കരാട്ടേയും പരിശീലിക്കുന്നുണ്ട്. കുന്നംകുളം ഗുരുവായൂർ റോഡിൽ അതുല്യ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് നടത്തുകയാണ് അഭിനവിന്റെ അച്ഛൻ മനോജ്. അമ്മ- റീജ, സഹോദരി- അതുല്യ എന്നിവരാണ് അഭിനവിന്റെ വഴികാട്ടികൾ.