മാന്നാർ: കാരുണ്യത്തിന്റെ കരങ്ങൾ ഒന്നായി നീളുന്നത് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ. ഏഴ് വയസുകാരനെ രക്ഷിക്കുവാനുള്ള പണം കണ്ടെത്തുവാനായി 29ന് മാന്നാർ കൈകോർക്കും. മാന്നാർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നങ്ങാലടിയിൽ വീട്ടിൽ കൊച്ചുമോൻ-പ്രിയ ദന്പതികളുടെ ഏഴ് വയസുള്ള അഭിനവിന് വേണ്ടിയാണ് നാട് ഒന്നിക്കുന്നത്.
കരൾ കാൻസർ മൂലം കഴിഞ്ഞ നാല് വർഷമായി തിരുവന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലാണ് അഭിനവ്. രോഗം മൂർഛിച്ചതിനെ തുടർന്ന് കരൾ മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
എറണാകുളം അമൃത ആശുപത്രിയിൽ ഇതിനായുള്ള ചെലവ് 25 ലക്ഷമാണ്. അഭിനവിന്റെ മാതാവിന്റെ കരൾ പകുത്ത് നൽകുവാൻ തയ്യാറായെങ്കിലും പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് 29ന് മാന്നാറിലെ 18 വാർഡുകളിലെ വാർഡ് മെന്പർമാരുടെ നേതൃത്വത്തിൽ ഒരു ദിവസം കൊണ്ട് 25 ലക്ഷം സമാഹരിക്കുന്നതിനാണ് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം മാന്നാർ ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗമാണ് തീരുമാനം എടുത്തത്. പഞ്ചാബ് നാഷണൽ ബാങ്ക് മാന്നാർ ശാഖയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, ഒന്നാം വാർഡ് അംഗം റ്റോംസ് രാജൻ എന്നിവരുടെ പേരിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.