സ്വന്തം പരിമിതികളില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നുവന്ന നടിയാണ് അഭിനയ. ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയിലൂടെയാണ് അഭിനയ മലയാളി പ്രേക്ഷകര്‍ക്കു കൂടുതൽ പരിചിതയാകുന്നത്. സംസാരശേഷിയും കേള്‍വി ശക്തിയുമില്ലെങ്കിലും അഭിനയത്തിന് അതൊരു പരിമിതിയല്ലെന്ന് അഭിനയ ഇതിനകം തെളിയിച്ചുകഴിഞ്ഞു.
ജീവിതത്തില്‍ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ വിവരമാണ് അഭിനയ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന നടി വിവാഹിതയാകാന്‍ പോകുന്ന വിവരമാണ് ആരാധകരുമായി പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിഞ്ഞത്.
ഭാവി വരനും അഭിനയയും ചേര്‍ന്ന് അമ്പലമണി മുഴക്കുന്ന ചിത്രമാണ് പങ്കിട്ടത്. ഫോട്ടോയില്‍ ഇരുവരുടെയും കൈകളില്‍ വിവാഹനിശ്ചയ മോതിരം അണിഞ്ഞതായി കാണാം. എന്നാല്‍ കൈകള്‍ മാത്രമേ ഫോട്ടോയില്‍ കാണാനാകൂ. ഇതിനു പിന്നാലെ ആരാണ് വരന് എന്ന ചോദ്യങ്ങളാണ് നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കം കുറിക്കുന്നു… ഇതാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിനൊപ്പം കുറിച്ചത്.
അതേസമയം, പ്രതിശ്രുത വരന്റെ ഫോട്ടോയോ മറ്റ് വിശദാംശങ്ങളോ നടി വെളിപ്പെടുത്തിയിട്ടില്ല. പതിനഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും ജീവിത പങ്കാളിയാകാന്‍ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പണിയില്‍ സഹതാരങ്ങളായി അഭിനയിച്ച അഭയ ഹിരണ്മയി, അഭയ, ജുനൈസ് തുടങ്ങിയവര്‍ അഭിനയക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞ് അധികം വൈകാതെയാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നത്. വിവാഹത്തിന്റെ തീയതി നടി വെളിപ്പെടുത്തിയിട്ടില്ല.
പതിനഞ്ച് വര്‍ഷമായി അഭിനയ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ്. സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 58 ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഐസക് ന്യൂട്ടൻ സൺ ഓഫ് ഫിലിപ്പോസ്, വൺ ബൈ ടു, ദി റിപ്പോർട്ടർ എന്നീ മലയാള സിനിമകളിലും അഭിനയ അഭിനയിച്ചിട്ടുണ്ട്. ട്രാന്‍സ്ലേറ്ററുടെ (വിവർത്തക) സഹായത്തോടെ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ച് മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന അഭിനയയുടെ കഴിവ് സംവിധായകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ട്രാന്‍സ്ലേറ്ററുടെ സഹായത്തോടെയുള്ള അഭിനയയുടെ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.