ലൈംഗികാരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് തനിക്കും ടാറ്റൂ ചെയ്തു തന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗായിക അഭിരാമി സുരേഷ് രംഗത്ത്.
സുജീഷിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി.
അടുത്തിടെ തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു.
സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താന്‍ കേട്ടതെന്നും അതു വിശ്വസിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു.
സുജീഷില്‍ നിന്നും തനിക്കു ദുരനുഭവങ്ങള്‍ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ഞെട്ടല്‍ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു.
സുജീഷിനെതിരെ പരാതി നല്കാന് ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിച്ചു.
മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികള്‍ ഒരിക്കലും അവഗണിക്കരുതെന്നും അഭിരാമി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
ഓരോ പെണ്‍കുട്ടിയും ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ധൈര്യപൂര്‍വം പ്രതികരിക്കേണ്ടതും അത്തരം കൃത്യങ്ങളെ ചെറുത്തു നില്‍ക്കേണ്ടതും എങ്ങനെയെന്നും അഭിരാമി വീഡിയോയില്‍ പറയുന്നുണ്ട്.
ഇക്കാലത്ത് പെണ്‍കുട്ടികള്‍ പെപ്പര്‍സ്പ്രേ കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണെന്നും ഗായിക ഓര്‍മിപ്പിച്ചു.
ലൈംഗികാതിക്രമം നേരിടേണ്ടി വന്നാല്‍ ആ സമയത്ത് ചിലപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
എന്നാല്‍ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുതെന്നും അഭിരാമി പറയുന്നു.