ഐശ്വര്യറായിയും അഭിഷേക് ബച്ചനുമാണ് ബോളിവുഡിലെ ഏറ്റവും കീര്‍ത്തികേട്ട താരദമ്പതികള്‍. ഇപ്പോഴിതാ ഇവര്‍ തങ്ങളുടെ വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം പിന്നിടുമ്പോഴും ഇവരുടെ സ്‌നേഹ ജീവിതത്തിന് മങ്ങലേറ്റിട്ടില്ല താനും. ഇരുവരും പ്രണയത്തിലായ ആ നിമിഷത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു അഭിഷേക് തന്റെ ട്വിറ്റര്‍ കുറിപ്പിലൂടെ. 2007 ഏപ്രില്‍ ഇരുപതിനായിരുന്നു ഇവരുടെ വിവാഹം.
“പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ന്യൂയോര്‍ക്കിലെ ഒരു ബാല്‍ക്കണിയില്‍ വച്ച് അവള്‍ എന്നോട് സമ്മതം മൂളി എന്നാണ്” താരപുത്രനും കൂടിയായ അഭിഷേക് തന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. 2007 ല്‍ ഐശ്വര്യയും അഭിഷേകും നായികാനായകന്മാരായി അഭിനയിച്ച ഗുരു എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയറിനായി ന്യൂയോര്‍ക്കിലെത്തിയ സമയത്താണ് അഭിഷേക് ഐശ്വര്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അപ്പോള്‍ തന്നെ ഐശ്വര്യ സമ്മതം മൂളുകയും ചെയ്തു.
അഭിഷേകിനെ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തതിനെക്കുറിച്ച് ആഷിന്റെ മറുപടി ഇങ്ങനെ- ഞാനെപ്പോഴും എന്റെ ഹൃദയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബ പശ്ചാത്തലമാണ് എന്റേത്. ആ ചുറ്റുപാടില്‍ ഒരു സിനിമാനടിയാകാന്‍ ഞാനെടുത്ത തീരുമാനം. അതുപോലെ തന്നെയാണ് വിവാഹത്തെക്കുറിച്ചുള്ള തീരുമാനവും. അത് കുറെ കട്ടിയായ തീരുമാനമായിരുന്നുവെന്ന് പറയാം- ഇന്ത്യക്കാരുടെ സ്വപ്‌നസുന്ദരി പറയുന്നു.