സ്വന്തം ലേഖകൻ
തൃശൂർ: ചെണ്ടവാദനത്തിൽ നൂറിലേറെ ശിഷ്യർ. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോണ്‍ ബോസ്കോയുടെ പരിശീലകൻ. പത്തുവർഷമായി തൃശൂർ പൂരത്തിൽ പാറമേക്കാവിന്റെ തെക്കോട്ടിറക്കത്തിന്റെ മേളനിരയിൽ…. 23-ാം വയസിൽ ആദ്യമായി തൃശൂർ പൂരത്തിന്റെ ചെറുപൂരങ്ങളിൽ മേളപ്രമാണിയായി കടന്നെത്തിയ അഭിഷേകിനിത് മേളപ്രമാണത്തിന്റെ രണ്ടാമൂഴം. നെല്ലങ്കര കൂവളത്തു വീട്ടിൽ ശിവദാസിന്റെയും ബീനയുടെയും മൂത്ത മകനായ അഭിഷേക് പൂരത്തിന്റെ ന്യൂജെൻ മേളക്കാരുടെ കൂട്ടത്തിൽ പ്രധാനിയാണ്.
ചെന്പൂക്കാവ് കാർത്യായിനി ക്ഷേത്രത്തിലെ ചെറുപൂരത്തിന് ഇത് രണ്ടാംതവണയാണ് അഭിഷേക് മേളപ്രമാണം വഹിക്കുന്നത്. പൂരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേളപ്രമാണിമാരിൽ തുടർച്ചയായി രണ്ടുതവണ പ്രമാണം വഹിക്കുകയെന്ന ഖ്യാതി അഭിഷേകിന് സ്വന്തമെന്നതു ചെന്പുക്കാവിന് അഭിമാനമേകുന്നു.
അഭിഷേക് ആറാംക്ലാസിൽ പഠിക്കുന്പോഴാണ് പാറമേക്കാവ് കലാക്ഷേത്രത്തിൽ മേളം അഭ്യസിക്കാൻ തുടങ്ങിയത്. കലാമണ്ഡലം ശിവദാസ്, പാറമേക്കാവ് അജീഷ്, പാറമേക്കാവ് അനീഷ് എന്നിവരുടെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച അഭിഷേക് 2008ൽ അരങ്ങേറ്റം കഴിഞ്ഞ് ആ വർഷംതന്നെ തൃശൂർ പൂരത്തിൽ തന്റെ സാന്നിധ്യം നെയ്തലക്കാവ് ചെറുപൂരത്തിലൂടെ അറിയിച്ചു. 10 വർഷമായി പാറമേക്കാവിന്റെ തെക്കോട്ടിറക്കത്തിലും അഭിഷേക് പങ്കെടുക്കുന്നുണ്ട്.
പത്തുവർഷത്തെ മേളസപര്യയിൽ അഭിഷേകിന് അഭിമാനിക്കാൻ മറ്റു പല കാരണങ്ങളുമുണ്ട്. തനിക്കു കിട്ടിയ അറിവ് മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ കഴിവുള്ള അഭിഷേകിനു നൂറിലേറെ ശിഷ്യ പരന്പര ഉണ്ട്. ഈ കാലയളവിൽതന്നെ പാറമേക്കാവിലും, ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രം, കുതിരാൻ ശാസ്താ ക്ഷേത്രം, നെല്ലങ്കര ദുർഗ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും പ്രമാണിയായിത്തന്നെ അഭിഷേകിന് മേളം നയിക്കാനായി.
ചെന്പൂക്കാവിന്റെ ചെറുപൂരത്തിൽ അഭിഷേക് ചെണ്ട അഭ്യസിപ്പിച്ച് മേളരംഗത്തു സജീവമായ പാറമേക്കാവ് കലാക്ഷേത്രത്തിലെ മുപ്പതോളം കലാകാരൻമാർ അണിനിരക്കുന്നുവെന്നതും കൗതുകം.
ഡോണ്‍ബോസ്കോ സ്കൂളിനെ മൂന്നുതവണ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും തൃശൂരിൽ നടന്ന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട് അഭിഷേക്. പാറമേക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന ദേശപ്പാട്ടുകളിൽ ചെന്പുക്കാവിനുവേണ്ടി 22-ാം വയസിൽ മേളപ്രമാണിയായിട്ടുണ്ട്.
തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ആരംഭിക്കുന്ന ഏക മേളം ചെന്പൂക്കാവ് കാർത്യായിനി ദേവിയുടെ പൂരത്തിന്റെതാണ്. തെക്കേഗോപുരനടയ്ക്കു സമീപത്തുനിന്ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മേളം തെക്കേഗോപുരനട വഴി താഴേക്കിറങ്ങി ഗോപുരത്തിനു താഴെ കൊട്ടിക്കലാശിക്കും.
മേളത്തിൽ എന്തെങ്കിലും പുതിയ പരീക്ഷണങ്ങളൊന്നും കൊണ്ടുവരുന്നില്ലെന്നും പാണ്ടിമേളമാണ് കൊട്ടുന്നതെന്നും അത് അതിന്റെ പൂർണതയിൽ കൊട്ടുമെന്നും അഭിഷേക് പറഞ്ഞു.പേരുകേട്ട തൃശൂർ പൂരത്തിലെ മേളപ്രമാണങ്ങളിലേക്ക് യുവനിര കടന്നെത്തുന്പോൾ അതിനു തുടക്കം കുറിച്ച അഭിഷേക് രണ്ടാമൂഴം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.