കൂത്താട്ടുകുളം: പാലാ സെന്റ് തോമസ് കോളജിൽ സഹപാഠിയായ വിദ്യാർഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ടാം ദിവസവും തെളിവെടുപ്പിനായി കൂത്താട്ടുകുളത്ത് എത്തിച്ചു.
തലയോലപ്പറന്പ് സ്വദേശിനി നിതിനമോളെ (22) കൊലപ്പെടുത്തിയ കേസിലാണു കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു (20) വിനെ പോലീസ് തെളിവെടുപ്പിനായി കൂത്താട്ടുകുളത്ത് എത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പാലാ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ കോഴിപ്പിള്ളിയിലുള്ള വീട്ടിൽ എത്തിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
പിന്നീട് കൂത്താട്ടുകുളം പോലീസിന്റെ സഹായത്തോടെ അഭിഷേകിന്റെ പിതാവ് ബൈജുവിനെ വിളിച്ചുവരുത്തിയാണു വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.
പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തിയിൽ ആദ്യം കിടന്നിരുന്ന ബ്ലേഡ് പ്രതിയുടെ കിടപ്പുമുറിയിലെ അലമാരിയിൽനിന്നു പോലീസ് കണ്ടെടുത്തു.
അലമാരയിൽ സൂക്ഷിച്ചിരുന്ന പഴയ ബ്ലേഡ് പ്രതിതന്നെയാണു പോലീസിന് എടുത്തു നൽകിയത്.
ഇന്റർനെറ്റിന്റെ സഹായത്തോടെ കൊലപാതകം ചെയ്യേണ്ട വിധവും പ്രതി മനസിലാക്കിയിരുന്നു. തെളിവെടുപ്പിനുശേഷം പോലീസ് സംഘം പ്രതിയുമായി പാലായിലേക്ക് മടങ്ങി.