ആലപ്പുഴ: ജീവൻ പണയപ്പെടുത്തി അയൽവാസിയായ ബാലന്റെ ജീവൻ രക്ഷിച്ച കുട്ടനാട്ടുകാരനായ പതിന്നലുകാരന് രാജ്യത്തിന്റെ ആദരം. കളിക്കൂട്ടുകാരനായ നാലാംക്ലാസ് വിദ്യാർഥി അമലിനെ കിണറ്റിൽനിന്നു മുങ്ങിയെടുത്ത കാവാലം കാവുംപടിയിൽ അഭയ്ഭവനിൽ ഷാജി മുകുന്ദദാസിന്റെ മകൻ അഭയദാസിനെ തേടിയാണ് ജീവൻ രക്ഷാപഥക് എത്തിയത്. 2017 ജനുവരി 11നാണ് സംഭവം.
സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്നതിനിടെ കാൽതെറ്റി അമൽ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു.ഈ സമയം വീടിനുസമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭയ്. കളിക്കിടെ തെറിച്ചുവീണ പന്തെടുക്കാനെത്തിയപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്ന അമലിനെ കണ്ടത്. മുങ്ങിത്താഴുന്ന അമലിനെ രക്ഷിക്കാൻ സ്വന്തം ജീവൻ വകവയ്ക്കാതെ അഭയ് കിണറ്റിലേക്കിറങ്ങുകയായിരുന്നു.
പിന്നീട് ഒപ്പമുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചെത്തിയ സമീപവാസികളാണ് ഇരുവരെയും കരയ്ക്കെടുത്തത്. കൈനടി എജെ മെമ്മോറിയൽ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അഭയ്. പിതാവ് ഷാജി കാവാലം എസ്ബിടി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. രജനിയാണ് മാതാവ്.