ജെയിസ് വാട്ടപ്പിള്ളിൽ
മൂവാറ്റുപുഴ: ജന്മനാടിനെ മിമിക്രിയെന്ന കലയിലൂടെ പ്രശസ്തമാക്കിയ മൂവാറ്റുപുഴയുടെ സ്വന്തം കലാകാരൻ അബിയെന്ന ഹബീബ് അഹമ്മദിന്(52) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചെറുപ്പത്തിൽ തന്നെ അനുകരണ കലയിൽ ആകൃഷ്ടനായിരുന്ന അബി ഇതിലൂടെയാണ് കലാ രംഗത്തേക്കു നടന്നു കയറിയത്.
കീച്ചേരിപടിയിലെ കെഎംഎൽപി സ്കൂൾ, നിർമല എച്ച്എസ്എസ്,കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിലെ പഠന ശേഷം ഹ്യൂമർ വോയ്സ് എന്ന കലാ ട്രൂപ്പ് രൂപീകരിച്ച് കലാപരിപാടികൾ അവതരിപ്പിച്ചുവന്നു. അന്തരിച്ച സിനിമ താരം സാഗർ ഷിയാസ്, കലാഭവൻ ബഷീർ എന്നിവർക്കൊപ്പം മിമിക്രിയിൽ ചുവടുറപ്പിച്ച അബി മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് ഗാന മേളയുടെ ഇടവേളകളിൽ മിമിക്രി എന്ന കലയെ വേദിയിൽ അവതരിപ്പിച്ചാണ് അനുകരണകലയെ ജനകീയമാക്കിയത്.
ഇവിടെ നിന്നാണ് അബിയുടെ ആമിന താത്ത വേദിയിലെത്തുന്നതും കേരളമാകെ ആമിനതാത്ത സഞ്ചരിച്ചതും മലയാളികളുടെ മനസിൽ ഇടംതേടിയതും. തുടർന്ന് കൊച്ചി കേന്ദ്രീകരിച്ച് സാഹർ ട്രൂപ്പ് തുടങ്ങിയ അബി ദിലീപ്,നാദിർഷ എന്നിവരെകൂടി ഉൾപ്പെടുത്തി മിമിക്രിയെ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ദേയമായ കലാരൂപമാക്കി വളർത്തിയെടുത്തു.
ബാല ചന്ദ്രമേനോന്റെ മമ്മുട്ടി ചിത്രമായ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത അബി 50-ാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ജോഷിയുടെ സൈന്യം, മഴവിൽ കൂടാരം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് ജനമനസുകളിൽ ഇടം നേടിയ അബി മൂവാറ്റുപുഴക്കാരുടെ അഭിമാനമായിരുന്നു.
കഴിഞ്ഞ ഡിസംബർ 19ന് തന്റെ പ്രിയ കൂട്ടുകാരൻ സാഗർഷിയാസിന്റെ കുടുംബത്തെ സഹായിക്കാനായി മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിൽ സംസ്ഥാനത്തെ പ്രമുഖ സിനിമാ, മിമിക്രി,സീരിയൽ താരങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ സാഗർ ഷിയാസ് മെഗാ ഷോയുടെ മുഖ്യസംഘാടകനായി മൂവാറ്റുപുഴയിൽ എത്തിയ അബിയുടെ ജന്മനാട്ടിലെ അവസാനത്തെ പൊതുപരിപാടി കൂടിയായിരുന്നു ഇത്.
പരിപാടിയിൽ മിമിക്രി രംഗത്ത് സംഭാവനകൾ നൽകിയ പ്രമുഖരെയെല്ലാം ഈ ചടങ്ങിൽ ആദരിക്കാനും പ്രത്യേക താൽപര്യം കാണിച്ചിരുന്നു.സാഗർ ഷിയാസിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിച്ച പരിപാടി തന്റെ സഹപ്രവർത്തകരോടും ഉറ്റവരോടുമുള്ള സ്നേഹത്തിന്റെ പ്രതീകംകൂടിയാണ്. ഈ പ്രോഗ്രാം നടത്തി ഒരുവർഷം തികയുന്നതിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ അബിയുടെ അകാലത്തിലുള്ള വേർപാട് സൃഷ്ടിച്ച വേദന മുവാറ്റുപുഴക്കാരുടെ മനസിൽ അണയാത്ത കനലായി അവശേഷിക്കുകയാണ്.
ഇന്നലെ വൈകുന്നേരം 6.30-ാടെയാണ് അബിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് മുനിസിപ്പൽ ടൗണ്ഹാൾ മൈതാനിയിൽ എത്തിയത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും തങ്ങളുടെ പ്രിയകലാകാരന് ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ കാത്തുനിന്നത്.
ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം എത്തിക്കുമെന്നായിരുന്നു ആദ്യം അറിയിപ്പു ലഭിച്ചിരുന്നത്. ഇതനുസരിച്ച് വളരെ നേരത്തെ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ തങ്ങളുടെ പ്രിയകലാകാരനെ അവസാനമായി ഒരു നോക്കുകാണുവാൻ കാത്തുനിന്നു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് എത്തിയതോടെ മൂവാറ്റുപുഴ ഒന്നാകെ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു.
അബികൂടി അംഗമായിരുന്ന മൂവാറ്റുപുഴയിലെ കലാ സാംസ്കാരിക സംഘടനയായ ഒരുമയുടെ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇവിടെ പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയത്. സംഘാടകർക്കും പൊലീസിനും നിയന്ത്രിക്കാനാവാത്ത സ്ഥിതിയായിരുന്നു. രാത്രി 7.30-ാടെ കബറടക്കത്തിനായി പെരുമറ്റം ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി.ഇവിടെയും ആയിരകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
രാത്രി എട്ടോടെ കബറടക്കം നടത്തി. മൂവാറ്റുപുഴ നഗരസഭയ്ക്കുവേണ്ടി ചെയർപേഴ്സണ് ഉഷ ശശിധരൻ മൃതദേഹത്തിൽ റീത്തുസമർപ്പിച്ചു.എംഎൽഎമാരായ എൽദോ ഏബ്രഹാം,ആന്റണി ജോണ്,വി.പി.സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി,സിനിമാ സംവിധായകൻ ലാൽ ജോസ്,നടൻമാരായ മമ്മൂട്ടി,സിദ്ദിഖ്, ജയസൂര്യ, സ്ഫടികം ജോർജ്, മിമിക്രി താരങ്ങളായ സാജു കൊടിയൻ,കലാഭവൻ പ്രജോദ്,ദാദാ സാഹിബ് തുടങ്ങി കലാ,സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.