മല്ലപ്പള്ളി: ബൈക്കിലെത്തി സ്ത്രീകളെ ആക്രമിച്ചു മാല കവർന്ന കേസുകളിൽ സംഘത്തിലെ പ്രധാനിയും പിടിയിൽ.ആനിക്കാട് തേലമണ്ണിൽപടി തേലമണ്ണിൽ വീട്ടിൽ അമ്മിണി ബേബിയെ ദേഹോപദ്രവമേല്പിച്ച് മാല കവർന്ന കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കോട്ടയം കങ്ങഴ പത്തനാട് പടനിലം മുളയോലിക്കൽ വീട്ടിൽ നിന്നും കൊറ്റൻചിറയിൽ തകടിയേൽ വീട്ടിൽ താമസിച്ചു വന്ന റ്റി.എസ്. അബിനെ (അബി 19)യാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റു ചെയ്തത്. ഒന്നാം പ്രതി ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിനു പിന്നിലിരുന്നു യാത്ര ചെയ്ത അബിയാണ് അമ്മിണിയെ ദേഹോപദ്രവം ചെയ്തശേഷം മാല പൊട്ടിച്ചെടുത്തത്.
ഇയാൾക്കെതിരെ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ രണ്ട് മോട്ടോർ സൈക്കിൾ മോഷണക്കേസിലും കട്ടപ്പന എക്സൈസിലും ചങ്ങനാശേരി എക്സൈസിലും കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുകളും നിലവിലുണ്ട്.. കോടതിയിൽ ഹാജരാക്കിയ അബിയെ റിമാൻഡുചെയ്തു.
അബിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി, ആനിക്കാട്, കറുകച്ചാൽ ഭാഗങ്ങളിൽ സ്ത്രീകളെ ആക്രമിച്ചു വ്യാപകമായി മാല അപഹരിച്ചിരുന്നു. നിരവധി കേസുകൾ സംഘത്തിനെതിരെ ചങ്ങനാശേരി ഭാഗങ്ങളിലുണ്ട്. സംഘത്തിലെ രണ്ടു പേരെ നേരത്തെ പിടികൂടിയിരുന്നു. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.