ദുബായ്: ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സ് ഐസിസി ഏകദിന റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ മറികടന്നാണ് ഡിവില്ലിയേഴ്സ് ഒന്നാം റാങ്കിൽ തിരിച്ചെത്തിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ അടിച്ചുകൂട്ടിയ 176 റൺസാണ് ഡിവില്ലിയേഴ്സിനെ ഒന്നാമനാകാൻ തുണച്ചത്.
104 പന്തിൽ 15 ഫോറും ഏഴ് സിക്സറുകളുമാണ് എബിയുടെ ബാറ്റിൽനിന്നും പറന്നത്. ഏകദിനത്തിൽ 200 സിക്സറുകളുടെ റിക്കാർഡും ഡിവില്ലിയേഴ്സ് സ്വന്തമാക്കി.
ബംഗ്ലാദേശിനെതിരായ 104 റണ്‍സിന്റെ പടുകൂറ്റന്‍ ജയം ദക്ഷിണാഫ്രിക്കയെയും റാങ്കിംഗിൽ ഒന്നാമതെത്തിച്ചു. ഇന്ത്യയെ മറികടന്നാണ് ദക്ഷിണാഫ്രിക്കയും റാങ്കിംഗിൽ കുതിച്ചത്.