ചാലക്കുടി: യുഡിഎഫ് ചെയർമാൻ എബി ജോർജാണ് സ്ഥാനമൊഴിയുന്നത് പ്രഖ്യാപിക്കാൻ മർച്ചന്റ്സ് ജൂബിലി ഹാളിൽ പ്രവർത്തകരുടെ യോഗം വിളിച്ചുകൂട്ടിയത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് മൂന്നുവർഷം പൂർത്തിയാക്കിയ താൻ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചത്. തന്റെ നേതൃത്വത്തിൽ നടത്തിയ പടയൊരുക്കം പരിപാടിയുടെ വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചശേഷം സ്ഥാനത്തുനിന്നും രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു.
എന്നാൽ വേദിയിൽ സന്നിഹിതനായിരുന്ന യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി രാജി സ്വീകരിക്കുകയില്ലെന്നു പ്രഖ്യാപിച്ചതോടെ യുഡിഎഫ് ചെയർമാൻ സ്ഥാനം തുടരാൻ നിർബന്ധിതനായി. ഇതേസമയം, യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്നു മാറി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുസ്ഥാനം നേടാനുള്ള നീക്കമാണ് രാജിപ്രഖ്യാപനത്തിന്റെ പിന്നിലെന്നു ഒരുവിഭാഗം ആരോപിക്കുന്നു.
ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിലവിലുള്ള പ്രസിഡന്റ് സി.ജി.ബാലചന്ദ്രൻ തന്നെ തുടരാനാണ് സാധ്യതയെന്നു വ്യക്തമായതോടെ എബി ജോർജ് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവച്ചാൽ ആസ്ഥാനത്തേക്ക് കയറിപ്പറ്റാൻ ചില നേതാക്കൾ ശ്രമം നടത്തിയിരുന്നു. ഇതോടെ എബി ജോർജ് പറക്കുന്നതിനെ പിടിക്കാനുള്ള ശ്രമത്തിൽ കക്ഷത്തിലിരുന്നത് പോകുകയും ചെയ്യുമെന്ന സ്ഥിതിയിലായിരുന്നു. എന്തായാലും യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് എബിജോർജ് തന്നെ തുടരുമെന്നു ഉറപ്പായി.
എബി ജോർജ് വിരമിക്കാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ കോണ്ഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ അർഹരായവർക്ക് സ്ഥാനങ്ങൾ ലഭിക്കാത്തതിലുള്ള പ്രതിഷേധങ്ങളും ഉയർന്നു. കോണ്ഗ്രസിന്റെ ഒരു പരിപാടിയിലും ഇതുവരെ കണ്ടിട്ടില്ലാത്തവർ വരെ ബ്ലോക്ക് ഭാരവാഹികളുടെ പട്ടികയിൽ വന്നതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.
എ, ഐ ഗ്രൂപ്പ് നേതാക്കൾ തമ്മിൽ സ്ഥാനമാനങ്ങൾ പങ്കുവച്ചപ്പോൾ നേതാക്കളുടെ പാർട്ടി പ്രവർത്തകരല്ലാത്ത സുഹൃത്തുക്കളും ഭാരവാഹികളായി. ചാലക്കുടി മണ്ഡലത്തിൽ തന്നെ 17 പേരാണ് ഭാരവാഹികളുടെ പട്ടികയിലുള്ളത്. മറ്റു മണ്ഡലങ്ങൾക്ക് ബ്ലോക്ക് ഭാരവാഹികളുടെ പട്ടികയിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.