കൊല്ലം: ഓയൂരില് നിന്ന് ആറ് വയസുകാരി അബിഗേലിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില് കുഞ്ഞിനായി തിരച്ചില് തുടരുന്നു. സമീപ ജില്ലകളില്നിന്ന് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര് രാവിലെ പൂയപ്പള്ളിയില് എത്തിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം റേഞ്ച് ഐജി ഉള്പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര് പൂയപ്പള്ളി സ്റ്റേഷനില് ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. പ്രധാനപ്പെട്ട പല ദൃശ്യങ്ങളും വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഒടുവില് ലഭിക്കുന്ന വിവരം.
ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്. ഈ സംഘം സാധനം വാങ്ങാന് കയറിയ കടയുടെ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. ഇത് എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിക്കും. രണ്ട് പേരാണ് കടയില് സാധനം വാങ്ങാന് വന്നത്.
കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി രാത്രി തന്നെ പ്രത്യേക കണ്ട്രോള് റൂം തുറന്നിരുന്നു. ഇത്തരം കേസുകളില് പെട്ടെന്ന് പ്രതിയെ പിടിച്ച് പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥരേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ എല്ലാ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലും തിരച്ചില് ശക്തമാക്കിയിട്ടുണ്ട്. പ്രതികള് പല ഫോണുകള് മാറി ഉപയോഗിക്കുന്നതും വാഹനത്തെ സംബന്ധിച്ച് വ്യക്തയില്ലാത്തതുമാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്.