കൊച്ചി: മിമിക്രിയുടെ ലോകത്ത് അബി ആരായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് മരണത്തോടെ അബി അവശേഷിപ്പിച്ച ഈ ശൂന്യത. മിമിക്രിയെന്ന കലാരൂപത്തിന് പുതിയ മാനങ്ങള്‍ പകര്‍ന്ന വ്യക്തിയായിരുന്നു കലാഭവന്‍ അബി. ട്രിയന്‍ ഓടലും പൂര ശബ്ദവുമെല്ലാം ശബ്ദാനുകരണത്തിന്റെ പുതിയ തലത്തിലേക്ക് വഴി മാറി. സ്ത്രീ വേഷം കെട്ടി ആമിന താത്തയായി വേദികളിലെത്തിയാണ് അബി മിമിക്രിയെ പുതിയ തലത്തിലേക്ക് എത്തിച്ചത്. ശബ്ദാനുകരണത്തിന്റെ പുതുവഴി വെട്ടിയ ദേ മാവേലിക്കൊമ്പത്തിന്റെ പാരഡി അനുകരണത്തിലും ശ്രദ്ധേയനായി. ദിലീപും നാദിര്‍ഷായും കലാഭവന്‍ അബിയും അങ്ങനെ പുതു വഴിയിലൂടെ മിമിക്രിയെ മുന്നോട്ട് നയിച്ചു. പിന്നീട് പുതിയ ഭാവവും തലവും ഈ കലാരൂപത്തിനെത്തി. മിമിക്രിയെ അഭിനയകലയുടെ സാധ്യതയാക്കി മാറ്റുകയായിരുന്നു അബി ചെയ്ത്.
ഹബീബീ അഹമ്മദ് എന്ന അബിയുടെ ചലച്ചിത്ര ജീവിതം 50ലേറെ സിനിമകളില്‍ വ്യാപിച്ചു കിടക്കുന്നു. മിമിക്രി കാസറ്റുകള്‍ക്ക് മലയാളിയ്ക്കിടയില്‍ സ്വീകാര്യത നല്‍കിയതില്‍ അബി വഹിച്ച പങ്ക് ചെറുതല്ല. അമിതാഭ് ബച്ചന് അടക്കമുള്ള താരങ്ങളുടെ ശബ്ദം മലയാളത്തില്‍ ഡബ്ബ് ചെയ്ത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്മാര് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സിനിമയില്‍ മകന് ഷെയിന്‍ നിഗത്തിന്റെ ഉയര്‍ച്ച കണ്ടതിനു ശേഷമാണ് അബി മടങ്ങുന്നത്. രോഗം എല്ലാവരില്‍ നിന്ന് മറച്ചു വച്ച് അവസാനകാലം വരെ സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു അബി. മകന്റെ മികച്ച വേഷങ്ങള്‍ അച്ഛനെന്ന നിലയില്‍ അഭിമാനം നല്കി. മകന് വേണ്ടിയും ആരുടെ മുമ്പിലും അബി അഭ്യര്ത്ഥനയുമായെത്തിയില്ല. അങ്ങനെ ആരുടെ മുമ്പിലും അവസരത്തിന് വേണ്ടി ഒരിക്കലും ്അബി തലകുനിച്ചിരുന്നില്ല.
വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ മമ്മൂട്ടിയുടെ ഗാംഭീര്യത്തോടെ വേദികളിലെത്തിച്ചതോടെ മിമിക്രിയില്‍ ഒരു നവോത്ഥാനത്തിനാണ് അബി തുടക്കമിട്ടത്. സിനിമാ താരങ്ങളുടെ അവതരണം ജയറാം കാലത്ത് തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ കഥാപാത്രമായെത്തി വേദിയെ വിസ്മയിപ്പിക്കുന്ന രീതി ആവിഷ്കരിച്ചത് അബിയായിരുന്നു. ചതിയന്‍ ചന്തുവായി തന്നെ വേദികളില്‍ അബിയെത്തി. പിന്നെ കാസറ്റ് ലോകത്തേക്ക്. ദേ മാവേലി കൊമ്പത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രങ്ങളിലൊരാള് അബിയായിരുന്നു. ആമിനതാത്തയായി കാസറ്റുകളിലും സ്റ്റേജിലും അബി നിറഞ്ഞാടി. കലാഭവനില്‍ നിന്ന് കൊച്ചിന് സാഗറിലേക്ക് മാറി കലാരംഗത്ത് സജീവമായി. അക്കാലത്ത് ഗള്‍ഫ് ഷോകളിലെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു അബി.
ബാലചന്ദ്രമേനോന്റെ നയം വ്യക്തമാകുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം തകര്‍ത്തഭിനയിച്ച ആ കഥാപാത്രം കൈയ്യടി നേടുകയും ചെയ്തു. പക്ഷേ പിന്നീട് എന്തുകൊണ്ടോ അബിയുടെ മുന്നില്‍ സിനിമാക്കള് കണ്ണടച്ചു. സുഹൃത്തുക്കളായ കലാഭവന്‍ മണിയും ദിലീപും സിനിമാലോകത്ത് തിളങ്ങി നില്ക്കുമ്പോള് ടിവി ചാനല്‍ ഷോയിലൂടെ അബി പ്രേക്ഷകഹൃദയം തൊട്ടറിഞ്ഞു. അതിനപ്പുറത്തേക്ക് ക്യാമറക്കണ്ണുകള്‍ അബിയെ വളര്‍ത്തിയില്ല. സൈന്യം, കിരീടം ഇല്ലാത്ത രാജാക്കന്മാര് തുടങ്ങിയ ഒരു പിടി സിനിമകളില്‍ സഹതാരമായി അബിയെത്തി. അതിന് അപ്പുറത്തേക്ക് അബിയെ വളര്‍ത്താന്‍ മലയാള സിനിമയിലെ അദ്ദേഹത്തിന്റെ പ്രതിഭ അറിയാവുന്ന താരങ്ങള്‍ തുനിഞ്ഞില്ല. ശബ്ദം നല്‍കിയും സ്ക്രീനിന്റെ ഭാഗമായി.
1969ല്‍ ആരംഭിച്ച കലാഭവന്‍ മിമിക്രിയുടെ മര്‍മം തൊടുന്നത് 1981ലാണ്. ഗാനമേളകള്‍ക്കിടയില്‍ ഗ്യാപ് ഫില്ലറായി അവതരിപ്പിച്ചു തുടങ്ങിയ പരിപാടി പിന്നെ ജനഹൃദയം കീഴടക്കി.മിമിക്സ് പരേഡ് എന്ന പേരാണ് അതിനിട്ടത്.കലാഭവന്‍ സംഘത്തിലെ മിമിക്രി താരങ്ങളുടെ കഴിവില്‍ തെല്ലും സംശയം ഇല്ലാതിരുന്ന ആബേലച്ചന് ‘ഗ്രീന്‍ സിഗ്നല്‍’ കാട്ടിയതോടെ കേരളത്തിലെ ആദ്യത്തെ മിമിക്സ് പരേഡ് കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളില്‍ അരങ്ങേറി. സിദ്ദിഖ്, ലാല്‍, അന്‍സാര്‍, കെ എസ് പ്രസാദ്, കലാഭവന്‍ റഹ്മാന്, വര്ക്കിച്ചന് പേട്ട ഇവരൊക്കെക്കൂടി സദസ്സിനെ ചിരിപ്പിച്ച് കൊന്നു. ഇവരുടെ അടുത്ത തലമുറ കൂടുതല്‍ കരുത്തുകാട്ടി. കലാഭവന്‍ മിമിക്രി ലോകത്ത് തലതൊട്ടപ്പന്മാരായതോടെ പിന്നെ കഴിവുള്ള കലാകാരന്മാരുടെ ഒരു ഒഴുക്കായിരുന്നു.ജയറാം, ദിലീപ്, എന്‍ എഫ് വര്‍ഗീസ്, കലാഭവന്‍ മണി, സലിം കുമാര്‍, ഹരിശ്രീ അശോകന്, നാരായണന് കുട്ടി, അബി, കലാഭവന്‍ നവാസ്, സലിം കുമാര്‍, തെസ്നി ഖാന് എന്നിവരൊക്കെ ഇങ്ങനെ കലാഭവനില്‍ വന്നവരാണ്. സ്കിറ്റുകളില് നിന്ന് ശബ്ദാനുകരണത്തിന്റെ പുതിയ തലത്തിലേക്ക് കലാരൂപമെത്തി.
ജയറാമും ദിലീപും അബിയും സലിംകുമാറുമായിരുന്നു ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചത്. കലാഭവന്‍ മണിയുടെ വേറിട്ട നമ്പരുകളും ശ്രദ്ധേയനായത്. അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ താത്ത അബിയുടെ സ്വന്തം സൃഷ്ടിയായിരുന്നു. അബിയുടെ വല്യമ്മയായിരുന്നു ആമിന താത്ത. ആമിന താത്തയെ സിനിമയില്‍ മുഴുനീളം അബി അവതരിപ്പിച്ചു. അത് മലയാളിക്ക് പുതിയൊരു അനുഭവമായി. അബിയുടെ വിടവാങ്ങല്‍ മിമിക്രി എന്ന കലാരൂപത്തിന് തീരാനഷ്ടമാണെന്നു തീര്‍ച്ച.