വൈക്കം: ഹോളിവുഡ് നായിക അബി കോർണിഷ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിൽ പങ്കെടുക്കാനെത്തി. ക്ഷേത്രനഗരിയിൽ നിറയുന്ന സംഗീതവും നൃത്ത പരിപാടികളും ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളും മുപ്പതോളം ഹോളിവുഡ് സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ഹോളിവുഡ് നായിക അബി കോർണിഷിനു അവിസ്മരണിയ അനുഭവമായി.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തും വൈക്കം വല്ലകം തുറുവേലിക്കുന്ന് ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രത്തിലെ മാനേജിംഗ് ഡയറക്ടറുമായ ഡോ. വിജിത്ത് ശശിധറിനൊപ്പമാണ് അവർ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന ഭക്തിഗാനമേളയും നൃത്തവുമൊക്കെ ആസ്വദിച്ചുശേഷം ശ്രീപരമേശ്വരന്റെ വാഹനമായ നന്ദി കേശ ശിൽപത്തിന്റെ ചെവിയിൽ ആഗ്രഹസാഫല്യത്തിനായി പ്രാർഥിച്ചശേഷമാണ് അബി കോർണിഷ് മടങ്ങിയത്.
നടിയുടെ അടുത്ത സുഹൃത്തുക്കളിൽ ചിലർ നേരിട്ട അസുഖങ്ങൾക്ക് ശ്രീകൃഷ്ണയിലെ ചികിൽസയിലൂടെ ശമനം ലഭിച്ചതോടെ ഇവർ ഡോ. വിജിത്തിന്റെയും അടുത്ത സുഹൃത്തായി മാറുകയായിരുന്നു. ഡോ. വിജിത്തിന്റെ ക്ഷണപ്രകാരം വൈക്കത്തഷ്ടമി ഉൽസവത്തിൽ പങ്കെടുക്കാനും കേരളത്തിലെ ചില സ്ഥലങ്ങൾ സന്ദർശിക്കാനുമാണിവർ വൈക്കത്തെത്തിയത്.