കൂത്തുപറമ്പ്: പലരുടെയും സ്വപ്നങ്ങളുടെ ചിറകൊടിച്ച കോവിഡ് കാലത്ത് ഒരു എൻജിനിയറിംഗ് വിദ്യാർഥിയുടെ സ്വപ്നം ചിറകടിച്ച് പറന്നുയരുന്നു.
പാനൂർ ചെറുപറമ്പ് ചിറ്റിക്കരയിലെ കെ.എബിയുടെ സ്വപ്നസാഫല്യമായ ചെറുവിമാനമാണ് ചിറ്റിക്കരയിലെ ആകാശത്തു പറക്കുന്നത്. കെ.ബാലൻ-അനിത ദമ്പതികളുടെ മകനായ എബി ചെന്നൈയിൽ മൂന്നാംവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ്.
സ്വന്തമായി ഒരു വിമാനം നിർമിക്കണമെന്ന ആഗ്രഹം എബിയുടെ മനസിൽ നേരത്തെതന്നെ ഉടലെടുത്തിരുന്നു.കോവിഡിനെ തുടർന്ന് ചെന്നൈയിൽനിന്ന് നാട്ടിലെത്തി വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് വിമാനം നിർമിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
ഓൺലൈൻ വഴി ആവശ്യമായ വസ്തുക്കൾ ഓർഡർ ചെയ്ത് ഒരാഴ്ചകൊണ്ട് നിർമാണം പൂർത്തിയാക്കി. യൂട്യൂബിന്റെ സഹായത്തോടെയായിരുന്നു നിർമാണം.
ഏതാനും ദിവസം മുന്പ് സുഹൃത്തുക്കൾക്കൊപ്പം ഈ വിമാനം പറത്തുകയും ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് എബി ശ്രദ്ധേയനായത്.
വിമാനം നിർമിക്കുന്നതുപോലെതന്നെ ഇതു പറത്താനും പഠിക്കണമെന്നാണ് എബി പറയുന്നത്. 750 ഗ്രാം ഭാരമുള്ള വിമാനം നിർമിക്കാൻ ട്രാൻസ്മിറ്റർ ഒഴികെ 4000 രൂപ ചെലവ് വന്നിട്ടുണ്ട്.
വിമാനം നിർമിച്ചതിന് അഭിനന്ദനങ്ങൾ ലഭിക്കുന്നതിനൊപ്പം ഇതുപോലൊന്ന് നിർമിച്ചുതരുമോയെന്ന് ആവശ്യപ്പെട്ട് നിരവധിപേർ എബിയെ സമീപിക്കുന്നുണ്ട്.
ചെറുപ്പം മുതൽ ഇതുപോലുള്ള വസ്തുക്കൾ നിർമിക്കുന്നതിൽ തത്പരനായ എബി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരിക്കെ സംസ്ഥാന-ദേശീയ ശാസ്ത്രമേളകളിൽ പങ്കെടുത്ത് സമ്മാനം നേടുകയും ഐഎസ്ആർഒയിൽ ശാസ്ത്ര ക്ലാസിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ 22 കാരൻ നേരത്തെ ഒരു ഡ്രോണും നിർമിച്ചിരുന്നു.