ഇടുക്കി: ആഭിചാരത്തിന്റെ മറവില്‍ ഇരട്ടക്കൊലപാതകം നടന്നുവോ എന്നതടക്കമുള്ള കേസിലെ ദുരൂഹതകള്‍ നീക്കാന്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.
കട്ടപ്പന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീടു കേന്ദ്രീകരിച്ച് ആഭിചാരവും ഇതിന്റെ മറവില്‍ നവജാത ശിശുവിനെയും വയോധികനെയും കൊലപ്പെടുത്തിയെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. പോലീസ് കാവലിലുള്ള വീടിന്റെ അടിത്തറ കുഴിച്ച് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വഴിത്തിരിവായത് മോഷണക്കേസിലെ അറസ്റ്റ്
കഴിഞ്ഞ ദിവസം കട്ടപ്പനയിലെ വര്‍ക്ക്ഷോപ്പില്‍ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെകുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചത്. മോഷണശ്രമത്തിനിടയില്‍ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന് (29) , സുഹൃത്തും ആഭിചാര ക്രിയകള്‍ ചെയ്യുന്നയാളുമായ പുത്തന്‍പുരയ്ക്കല്‍ നിതീഷ് (രാജേഷ് -21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ നിതീഷ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. മോഷണശ്രമത്തിനിടെ പരിക്കേറ്റ വിഷ്ണു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇവരെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത പുറത്തു വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ അച്ഛന് വിജയന്, സഹോദരിയുടെ നാലു ദിവസം പ്രായമുള്ള കുഞ്ഞ് എന്നിവരെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.
കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കും
മന്ത്രവാദിയായ നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇന്ന് കോടതി അവധിയാണെങ്കിലും അപേക്ഷ കോടതി പ്രത്യേകമായി പരിഗണിക്കാനാണ് സാധ്യത. കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കക്കാട്ടുകടയിലെ വീട്ടിലെത്തിക്കും. തുടര്‍ന്നാകും വീടിന്റെ കുഴിച്ചുള്ള പരിശോധന ഉൾപ്പെടെ നടത്തുക. മറ്റൊരു പ്രതിയായ വിഷ്ണുവിനെയും ആശുപത്രിയില്‍ നിന്നു സ്ഥലത്തെത്തിക്കും.
നാട്ടില്‍ ബന്ധമില്ലാതെ കുടുംബം
നിതീഷ്, വിഷ്ണു, വിഷ്വിന്റെ മാതാവ്,സഹോദരി എന്നിവരാണ് കക്കാട്ടുകടയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് നാട്ടുകാരുമായി അധികം ബന്ധമില്ലായിരുന്നു. ആശാ പ്രവര്‍ത്തകരും മറ്റും പല തവണ എത്തിയിട്ടും ഇവരെ കാണാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ആഭിചാര ക്രിയകള്‍ നടന്നതായി സംശയിക്കുന്ന തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.
നിഷ്ഠുര കൊലപാതകമെന്ന് സംശയം
വിഷ്ണുവിന്റെ അച്ഛന് വിജയനെ വര്‍ഷങ്ങളായി കാണാനില്ലായിരുന്നു. വിജയനെ കൊലപ്പെടുത്തി കക്കാട്ടുകടയിലെ വാടക വീട്ടില്‍ കുഴിച്ചിട്ടുവെന്നാണ് സൂചന. വിഷ്ണുവിന്റെ മാതാവും സഹോദരിയും പോലീസിനു നല്കിയ സൂചനകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇവരെ വീട്ടില്‍ പൂട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്. വിഷ്ണുവിന്റെ സഹോദരിയുടെ കുഞ്ഞിനെയും ആഭിചാര ക്രിയ നടത്താന്‍ കൊലപ്പെടുത്തിയെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. സഹോദരിയാണ് ഇക്കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. കട്ടപ്പന ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം.