മാതാപിതാക്കൾ തനിക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ അനുജന് നൽകുന്നുണ്ടെന്ന തോന്നലിൽ അവനെ കൊല്ലുന്ന ജ്യേഷ്ഠൻ.
എന്റെ വീട് അപ്പൂന്റേം എന്ന സിനിമയുടെ കഥയാണിത്. സിനിമകഥകളില് ഇത്തരത്തിൽ അവിശ്വസനീയമെന്ന് തോന്നുന്ന പല സംഭവങ്ങളും കാണാൻ കഴിയും.
പക്ഷെ പിന്നീട് ചില സിനിമക്കഥകൾ യാഥാർഥ്യമാവാറുമുണ്ട്. എന്റെ വീട് അപ്പൂന്റേം സിനിമയിലേതിന് സമാനമായ ഒരു സംഭവം ഇംഗ്ലണ്ടിലും നടന്നിരിക്കുകയാണ്.
ഒരു നായയാണ് യഥാർത്ഥ കഥയിലെ വില്ലൻ. തന്റെ ഉമസ്ഥയുടെ 12 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ടെഡി എന്ന നായ കടിച്ച് കൊന്നത്.
എല്ലിസ് എന്ന സ്ത്രീ തന്റെ വീട്ടിൽ വളർത്തിയിരുന്ന ചൗ ചൗ ഇനത്തിൽ പെട്ട ക്രോസ് ബ്രീഡ് നായയാണ് അവരുടെ കുഞ്ഞ് എലോണിനെ കഴുത്തിൽ കടിച്ച് കൊന്നത്.
നവജാതശിശുവുമായി സംഭവ ദിവസമാണ് എല്ലിസ് ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നത്. കുഞ്ഞിന് പാലുകൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കിയ ശേഷം അമ്മ വീടിന്റെ രണ്ടാം നിലയിലേക്ക് പോയ നേരത്താണ് സംഭവം.
കൂട്ടിൽ നിന്നു വീട്ടിലേക്ക്
കൂട്ടിൽ നിന്ന് പുറത്തുകടന്ന ടെഡി വീടിനു പിന്നിലെ വേലി ചാടിക്കടന്ന് വീട്ടിനുള്ളിലേക്ക് എത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനും എല്ലിസിന്റെ സുഹൃത്തുമായ സ്റ്റീഫനും മൂത്ത കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവർ നോക്കി നിൽക്കെയാണ് തൊട്ടിലിൽ നിന്ന് എലോണിന്റെ കഴുത്തിനു കടിച്ച് വലിച്ചു പുറത്തിടുന്നത്.
ഇരുവരും ചേർന്ന് നായുടെ കടിയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ട് എല്ലിസ് താഴെ വന്ന് ടെഡിയുടെ കടിയിൽ നിന്ന് മകനെ വിടുവിച്ചപ്പോഴേക്കും കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ശാന്തസ്വഭാവിയായ നായയായിരുന്നു ടെഡിയെന്നും വീട്ടിൽ പുതിയ അതിഥി വന്ന ശേഷം എല്ലിസിന്റെ ശ്രദ്ധയും സ്നേഹവുമെല്ലാം ആ കുഞ്ഞിലേക്ക് പോയതിലുള്ള അസൂയയും ദേഷ്യവുമാകാം ടെഡിയെക്കൊണ്ട് ഇങ്ങനെയൊരു അതിക്രമം പ്രവർത്തിപ്പിച്ചതെന്നുമാണ് എലോണിന്റെ അമ്മാവൻ പറയുന്നത്.
എല്ലിസിന് മറ്റ് മൂന്നു കുട്ടികൾ കൂടെയുണ്ട്. ഇവരുടെ അച്ഛനായ ജോയൽ കഴിഞ്ഞ വർഷം ഹൃദയാഘാതത്താൽ മരണപ്പെട്ടിരുന്നു.
ആശുപത്രിയിൽ കഴിയുന്ന എലോണിന്റെ ചിത്രം സംഭവം നടക്കുന്നതിന്റെ തലേദിവസം എല്ലിസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായ ശ്രദ്ധക്കുറവിന്റെ പേരിൽ അമ്മ എല്ലിസിനെയും സ്റ്റീഫനെയും പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.
ഏറ്റവും അപകടകാരി
ചൗ ചൗ ഇനത്തിൽ പെട്ട നായ്ക്കൾ ലോകത്തിലെ ഏറ്റവും അപകടകാരികളായിട്ടാണ് അറിയപ്പെടുന്നത്. ഇത്രയേറെ അപകടകരമായ പ്രകൃതമുള്ള നായ്ക്കൾ വേറെയില്ല എന്നാണ് ഡോഗ് ബ്രീഡർമാർ പറയുന്നത്. രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഈ ഇനം നായ്ക്കൾ ആദ്യമായി വളർത്തപ്പെട്ടിരുന്നത് തെക്കൻ ചൈനയിൽ ആയിരുന്നു.
സാധാരണ നായ്ക്കളേക്കാൾ രണ്ടു പല്ലുകൾ അധികമുള്ള ഇനമാണ് ചൗ ചൗ. ചില ഇൻഷുറൻസ് കമ്പനികൾ ചൗ ചൗ നായയെ വളർത്തുന്ന ഉടമയ്ക്ക് ഡോഗ് ഇൻഷുറൻസ് നൽകാറില്ലെന്നാണ് റിപ്പോർട്ട്. ചൗ ചൗ നായ്ക്കളുടെ ഈ പ്രത്യേകത എല്ലിസിന് അറിയില്ലായിരുന്നു.