കൊല്ലം: ഓയൂർ ഓട്ടു മലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് ഇന്ന് എഴുത്തു പരീക്ഷ. പ്രതികൾ മൂന്നുപേരുടെയും കൈയക്ഷരം ഇന്ന് അന്വേഷണ സംഘം എഴുതി വാങ്ങും.
ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടിയാണിത്. പ്രതികളുടെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നടത്തിയ പരിശോധന നടത്തി കണ്ടെടുത്ത ഡയറിയിലും നോട്ടുബുക്കുകളിലും ഇവരുടെ കൈയക്ഷരം ഉണ്ട്.
ഇന്ന് എഴുതി വാങ്ങുന്ന കൈയക്ഷരവും ബുക്കുകളിലെ കൈയക്ഷരവും ഒന്നു തന്നെ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി രണ്ട് കൈയക്ഷരങ്ങളും ശാസ്ത്രീയമായി പരിശോധിക്കണം.
കോടതിയുടെ അനുമതിയോടെ ഇവ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയയ്ക്കുമെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് പറഞ്ഞു.
പ്രതികളെ പുറത്ത് കൊണ്ടുപോയുള്ള തെളിവെടുപ്പുകൾ ഇന്നലെ പൂർത്തിയായി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പ്രതികളെ നാളെ രാവിലെ 11 -ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
സാക്ഷികളെ വിളിച്ച് വരുത്തിയുള്ള മൊഴിയെടുപ്പ് ഇന്നും തുടരുമെന്ന് ഡിവൈഎസ്പി പറഞ്ഞു. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്. പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കിയ ശേഷം അന്വേഷണ സംഘം പ്രത്യേക യോഗം ചേർന്ന് ഇതിനുള്ള തുടർ നടപടികൾ തീരുമാനിക്കും.
അതേ സമയം കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിൽ ഇന്ന് ഇതു സംബന്ധിച്ച നിർദേശം സർക്കാരിന് കൈമാറിയതായാണ് അറിയുന്നത്. പ്രമാദമായ കേസുകളിൽ മൂന്ന് സാഹചര്യങ്ങളിലാണ് സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്.
ഈ ആവശ്യം വേണമെങ്കിൽ പരാതിക്കാർക്ക് തന്നെ ഉന്നയിക്കാം. അന്വേഷണ ഉദ്യോഗസ്ഥർക്കും ആവശ്യപ്പെടാം. അതല്ലങ്കിൽ സർക്കാരിന് തന്നെ തീരുമാനം എടുക്കാം. ഈ കേസിൽ സർക്കാർ തന്നെ തീരുമാനം എടുക്കാനാണ് സാധ്യത.
കേസിലെ രണ്ടാം പ്രതി എം.ആർ. അനിതാ കുമാരിയെ ഇന്നലെ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ കൊണ്ടു പോയി ശബ്ദപരിശോധന നടത്തുകയുണ്ടായി. കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാവിന്റെ ഫോണിൽ വിളിച്ചത് അനിതാ കുമാരിയാണ്.
പ്രസ്തുത ശബ്ദം ഇവരുടേത് തന്നെയെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് ഫോറൻസിക് പരിശോധന നടത്തിയത്. പരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വളരെ നിർണായമാണ്.
പദ്മകുമാറിന്റെ യും ഭാര്യ അനിതാ കുമാരിയുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവര ശേഖരണവും പൂർത്തിയായി. വിവിധ ബാങ്കുകളിലായി ഇരുവർക്കും വായ്പാ തിരിച്ചടവ് ഇനത്തിൽ കോടികളുടെ ബാധ്യത ഉണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ച് കഴിഞ്ഞു.
എസ്.ആർ.സുധീർ കുമാർ