കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് എന്തൊക്കെയോ ഒളിപ്പിക്കുന്നു എന്ന സംശയം ബലപ്പെടുന്നു. പിടിയിലായവർ പറയുന്നത് അതേപടി ആവർത്തിക്കുക മാത്രമാണ് പോലീസ് ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
മൂക്കിനു താഴെത്തന്നെ ഉണ്ടായിരുന്ന പ്രതികൾ വീടും പൂട്ടി തെങ്കാശിക്ക് പോകേണ്ടി വന്ന സാഹചര്യമെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. പോലീസ് പിന്തുടരുന്നത് ഇവർ എങ്ങനെ അറിഞ്ഞു എന്നതും ഗൗരവമേറിയ ചോദ്യമാണ്.
കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവർ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നും അവർ നഗരത്തിൽ തന്നെ ഉണ്ടെന്നുമായിരുന്നു ആവർത്തിച്ചുള്ള ഭാഷ്യം. ഒടുവിൽ അവർ അന്യ സംസ്ഥാനത്തേക്കും കടന്നു.
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം അനിതകുമാരിയും പദ്മകുമാറും രണ്ട് ഓട്ടോറിക്ഷകളിൽ കയറിയിട്ടുണ്ട്. ഇവ കണ്ടെത്താനും സാധിച്ചില്ല. പ്രതികളെ തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവർമാരാരും രംഗത്തു വന്നിട്ടുമില്ല.
പദ്മകുമാർ കാറിന് രണ്ട് വ്യാജ നമ്പർ പ്ലേറ്റുകൾ സംഘടിപ്പിച്ചിരുന്നു. ഇതു നിർമിച്ചു നൽകിയ സ്ഥാപനത്തിനും വ്യക്തിക്കും എതിരേ കേസും എടുത്തിട്ടില്ല.
കുട്ടിയെ കണ്ടെത്തുക എന്നതിനാണ് മുന്തിയ പരിഗണന നൽകിയതെന്നും പറയുന്നു. പക്ഷേ അതിൽ ലക്ഷ്യം കാണാൻ പോലീസിനു കഴിഞ്ഞതുമില്ല. തട്ടിക്കൊണ്ടുപോകൽ നടന്ന സമയത്ത് പ്രതികൾ തങ്ങളുടെ ഒരു മൊബൈൽ നമ്പർ രേഖപ്പെടുത്തിയ കത്ത് കുട്ടിയുടെ സഹോദരനു കൈമാറാൻ ശ്രമിച്ചിരുന്നു.
പിടിവലിക്കിടെ കാറിൽ വീണ കത്ത് പിന്നീട് കത്തിച്ചു എന്ന് പറയുന്നതും വിശ്വസനീയമല്ല. കത്ത് കൈമാറാൻ ശ്രമിക്കവേ കാറിൽ ഉണ്ടായിരുന്നവർ കുട്ടിയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരുകൾ അടക്കം പറഞ്ഞിരുന്നു. ഈ പേരുകൾ പ്രതികൾ എങ്ങനെ മനസിലാക്കി എന്നതും പ്രസക്തമായ ചോദ്യമാണ്.
തട്ടിക്കൊണ്ടുപോകലിന് ഏതാനും ദിവസം മുമ്പ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അതേകാർ പള്ളിക്കൽ മൂതല ഭാഗത്ത് സംശകരമായ സാഹചര്യത്തിൽ കാണപ്പെടുകയുണ്ടായി. റോഡിൽ ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിക്ക് സമീപം എത്തി വേഗത കുറയ്ക്കുന്നതും പിന്നീട് മുമ്പോട്ട് പോയശേഷം തിരികെ വരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഒട്ടും തൃപ്തികരമല്ല. മറ്റൊരു വാഹനം കടന്നുപോകാൻ കാർ ഒതുക്കി നിർത്തിയെന്നാണ് വിശദീകരണം.
തട്ടിക്കൊണ്ടുപോകലിനു ശേഷം അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് ആദ്യം ഒരു കോളും പിന്നീട് പത്തു ലക്ഷം ആവശ്യപ്പെട്ട് രണ്ടാമതൊരു കോളും വന്നതായാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. അനേ്വഷണ ഉദ്യോഗസ്ഥർ പറയുന്നത് പത്തു ലക്ഷം ആവശ്യപ്പെട്ട ഒരു കോൾ മാത്രമേയുള്ളൂവെന്നാണ്.
കുളമടയിലെ കടയിൽ എത്തിയ പുരുഷന്റെ രേഖാചിത്രം ഒന്നാം പ്രതി പദ്മകുമാറുമായി പൊരുത്തപ്പെടുന്നില്ല. ഇക്കാര്യം കടയുടമയായ സ്ത്രീതന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ കടയിൽ വന്ന പുരുഷൻ ആരാകും എന്ന ചോദ്യവും ഉയരുന്നു.
കാറിൽ രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥർ റിയൽ ഹീറോ എന്ന് വിശേഷിപ്പിച്ച സഹോദരന്റെ മൊഴിയിൽ പറയുന്ന നാലാമൻ ആര് എന്നതിനും കൃത്യമായ ഉത്തരം ഇല്ല.
വീട്ടിൽ രണ്ട് ആന്റിമാരെയും ഒരു പുരുഷനെയും കൂടാതെ വേറെയും ആൾക്കാർ ഉണ്ടായിരുന്നതായും കുട്ടി മൊഴി നൽകിയിരുന്നു. ഇവർ ആരൊക്കെ എന്നും പറയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
കുട്ടിയെ തട്ടിയെടുത്ത ദിവസം വെള്ള, നീല കാറുകൾക്ക് പിന്നാലെ അകമ്പടി ബൈക്കുകൾ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലും അന്വേഷണ ഉദ്യോഗസ്ഥർ ഗൗരവമായി എടുത്തിട്ടില്ല. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു എന്നാണ് ഇതിൽനിന്ന് ലഭിക്കുന്ന സൂചനകൾ. കോടികളുടെ ആസ്തിയുള്ള കുടുംബം കേവലം പത്തുലക്ഷം രൂപയ്ക്കായി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിലപേശൽ നടത്തുമെന്ന് കരുതുക വയ്യ.