കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളം ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അബിഗേലിന്റെ തിരിച്ചു വരവിൽ കേരളക്കര ഒന്നടങ്കം പറയുന്നു കുട്ടിയുടെ സഹോദരനാണ് ഇവിടെ ഹീറോ എന്ന്.
നടന്ന സംഭവം മൊഴി വ്യത്യാസമില്ലാതെ ഇന്നലെ മുഴുവൻ ജേഷ്ഠൻ ജൊനാഥൻ പോലീസിനെ അറിയിച്ചു. തന്റെ സഹോദരിയെ ഏതു വിധേനയും രക്ഷിക്കണമെന്ന നിശ്ചയ ദാർഢ്യത്തോടെ ജേഷ്ഠൻ കുഞ്ഞു മനസിനു ചെയ്യാൻ സാധിക്കുന്ന രക്ഷാ പ്രവർത്തനം തൽക്ഷണം നടത്തി.
ജൊനാഥന്റെ മൊഴിയാണ് അബിഗേലിനെ കണ്ടെത്തുന്നതിനു നിർണായക പങ്ക് വഹിച്ചത്. തന്റെ കുഞ്ഞനുജത്തിയുടെ വരവിനായി കൊല്ലത്തെ വീട്ടിൽ ആനന്താശ്രുക്കളോടെ അവളുടെ ചേട്ടൻ ജൊനാഥൻ കാത്തിരിക്കുകയാണ്. തന്റെ കുഞ്ഞനുജത്തിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ജൊനാഥൻ നന്ദി അറിയിച്ചു.
അതേസമയം പ്രതികൾ യാതൊരു കാരണവശാലും രക്ഷപെടാൻ അനുവദിക്കുകയില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയയാക്കിയ ശേഷം മാതാപിതാക്കൾക്ക് വിട്ടു നൽകും.