കൊല്ലം: മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്, മാധ്യമങ്ങൾക്ക് മുമ്പിൽ തൊഴുകയ്യോടെ അബിഗേലിന്റെ കുടുംബം. തങ്ങളുടെ മകൾക്കു വേണ്ടി ഇന്നലെ മുഴുവൻ പ്രാർഥിച്ച കേരളക്കരക്കും മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമ്മ സിജി.
രാപ്പകലില്ലാതെ കഷ്ടപ്പെട്ട മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും നന്ദി.
കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തു എന്ന് സിജി കൂട്ടിച്ചേർത്തു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് അബിഗേലിന്റെ സഹോദരൻ ജോനാഥൻ.
20 മണിക്കൂറിലെ കാത്തിരിപ്പിനും കണ്ണു നീരിനും വിരാമമിട്ട് ഇനി ഓയൂർ വീട് അബിഗേലിന്റെ വരവിനായി കാത്തിരിക്കുകയാണ്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞ് ഇപ്പോൾ എആർ ക്യാംപിലാണുള്ളത്. അൽപ സമയങ്ങൾക്കകം കുഞ്ഞിനെ വീട്ടിലെത്തിക്കും. അമ്മ സിജിയുമായും ചേട്ടനുമായും മറ്റ് വീട്ടുകാരുമായും അബിഗേൽ വീഡിയോ കോളിൽ സംസാരിച്ചു.