കൊച്ചി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡൈ മെത്ത് ആംഫിറ്റമിന്‍) കോഴിക്കോട് സ്വദേശിയെ കൊച്ചിയിൽ പിടികൂടി. കോഴിക്കോട് പയ്യോളി കൊല്ലാങ്കണ്ടിയില് അഭിജിത്ത് (24) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കലൂര്‍ മെട്രോ സ്റ്റേഷനു സമീപം പ്രതി ഇടപാടുകാരനെ കാത്തു നില്‍ക്കുമ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് ഇയാളെ പിടികൂടിയത്.
ഇയാളുടെ പക്കൽനിന്ന് രണ്ടു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അര ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ 10 വര്‍ഷം ശിക്ഷ കിട്ടാം. 10 മില്ലിഗ്രാം അകത്തു ചെന്നാല്‍ പോലും മണിക്കൂറുകളോളം ലഹരിയിലാകും. കൂടുതല്‍ ഉള്ളില്‍ ചെന്നാല്‍ മരണംസംഭവിക്കാം. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രതി പ്രധാനമായും എംഡിഎംഎ കേരളത്തില്‍ എത്തിക്കുന്നത്.
നേരില്‍ പരിചയമുള്ളവര്‍ക്ക് മാത്രമേ സാധനം കൈമാറുകയുള്ളൂവെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
പണം യുപിഐ വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് പതിവ്. ഒരു ഗ്രാമിന് 2500 മുതല്‍ 4000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. പ്രതി ലഹരിമരുന്ന് കൈമാറിയവരുടെയും ഇടപടുകാരുടെയും വിവരങ്ങള്‍ പോലീസ് അന്വഷിച്ചു വരികയാണ്.