ചിറ്റൂർ: കന്നിമാരിയിൽ യുവാവ് തലയ്ക്കു വെടിയേറ്റുമരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് കുറ്റിക്കൽചള്ള രാജന്േറയും കല്യാണിക്കുട്ടിയുടേയും മകൻ അജിത്തി (31) നെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരിക്കുകയായിരുന്നു.
ഇവർ തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപത്തുതന്നെ വെടിവെക്കാൻ ഉപയോഗിച്ച പോയിന്റ് 315 റൈഫിളും കണ്ടെത്തി. രാജന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ്. ഇവരുടെ ഏകമകനാണ് അജിത്ത്.
ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ലഹരിവിമുക്തികേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുന്പാണ് വീട്ടിലെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസിന്റെ നിഗമനം ഇങ്ങനെ:
ബൈക്ക് മെക്കാനിക്ക് കൂടിയായ അജിത്ത് അമിതവേഗതയിൽ ബൈക്കോടിക്കുന്നത് ഹരമാക്കിയ ആളായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ ബൈക്ക് വീട്ടിൽ പിടിച്ചുവച്ചിരുന്നു.
ഇതിൽ കടുത്ത നിരാശ ഇയാൾ പ്രകടമാക്കിയിരുന്നു. മീനാക്ഷിപുരം എസ്ഐ സി.കെ രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഡിവൈഎസ്പി പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.