മൗണ്ട് കിളിമഞ്ചാരോയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു 6119 മീറ്റർ ഉയരത്തിലുള്ള ഈസ്റ്റ് ലബൂഷെ പർവതത്തിലും ഇന്ത്യൻ പതാകയുയർത്തി. എവറസ്റ്റ് കീഴടക്കുന്നതിന് മുന്നോടിയായാണ് ഈസ്റ്റ് ലബൂഷെ പർവതം അഭിലാഷ് കീഴടക്കിയത്.
ആദ്യദിവസം കാഠ്മണ്ഡുവിൽനിന്നും പർവത നിരകൾക്കിടയിലെ ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച അഞ്ച് എയർപോർട്ടുകളിൽ ഒന്നായ ലുക്ലയിൽ നിന്നും എട്ടു ദിവസത്തെ യാത്രക്കു ശേഷമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയതെന്ന് അഭിലാഷ് ദീപികയോടു പറഞ്ഞു.
എട്ടാമത്തെ ദിവസം 5270 മീറ്റർ ഉയരത്തിലുള്ള ഗൊരക്ക് ഷെപ്പിൽ ഒരുമണിക്കൂർ വിശ്രമത്തിന് ശേഷം 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തി വീണ്ടും ഗൊരക്ക് ഷെപ്പിലേക്ക് മടങ്ങി. ഒൻപതാമത്തെ ദിവസം 5545 മീറ്റർ ഉയരത്തിൽ കലാപത്തർ. അവിടെനിന്നും ബേസ് ക്യാമ്പായ ലുംബൂച്ചേയിൽ തിരിച്ചെത്തി. അന്നുതന്നെ 5400 മീറ്റർ ഉയരത്തിലുള്ള ലബൂഷെ ഹൈ ക്യാമ്പിൽ എത്തി.
ലബൂഷെ കൊടുമുടിയുടെ മുകളിലേക്ക്
എവറസ്റ്റ് കയറണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു പർവതാരോഹകനും ആദ്യം കയറേണ്ട പർവതമാണ് ലബൂഷെ പർവതം. 6119 മീറ്റർ ഉയരത്തിൽ മഞ്ഞു മൂടിയ പർവതത്തിലേക്കുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്. ഒരു മഞ്ഞുപാളി തെന്നിമാറിയൽ അപകടം ഉറപ്പാണ്. പത്താമത്തെ ദിവസം പുലർച്ചെ രണ്ടിന് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ റോപ്പിലൂടെ പിടിച്ച് ഉപകരണങ്ങളുടെ സഹായത്തോടെ ലബൂഷെ പീക്കിലെത്തി ഇന്ത്യൻ പതാക ഉയരുമ്പോൾ രാവിലെ കഴിഞ്ഞിരുന്നു.
യാത്രയിലുടെനീളം ഒപ്പമുണ്ടായിരുന്ന ഫുറ താഷി ഷെർപ്പയുമൊത്ത് വീണ്ടും മലയിറക്കം. രണ്ടര ദിവസം കൊണ്ട് തിരിച്ചിറങ്ങി ലുക്ല എയർപോർട്ടിൽ എത്തുമ്പോൾ മഞ്ഞുവീഴ്ചയിൽ എയർപോർട്ട് അടച്ചിരുന്നു. വീണ്ടും ചോപ്രകിലേക്ക് നടന്ന് ഇറങ്ങി അവിടെനിന്നു ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിൽ.
രണ്ടരലക്ഷത്തോളം രൂപയാണ് യാത്രയുടെ ചെലവ്. ഐടി പ്രഫഷണൽ കൂടിയായ അഭിലാഷിന് സാഹസികമായ മലകയറ്റം എന്നും ഒരു ഹരമാണ്. ഇത്തവണത്തെ യാത്രയ്ക്ക് എടുക്കാൻ മറന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ഫ്ലാഗ് അടുത്ത തവണ ഇന്ത്യൻ ഫ്ലാഗിനൊപ്പം 8848 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുമെന്നുള്ള ആത്മവിശ്വാസത്തിലാണ് അഭിലാഷ്. സൗദിയിലെ ജോലി രാജിവച്ച അഭിലാഷ് കുട്ടികളുമൊത്ത് അയർലണ്ടിലുള്ള ഭാര്യയുടെ അടുത്തേക്കു പോകാനുള്ള തിരക്കിലാണ്.
ബിജു പാരിക്കാപ്പള്ളി