കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് യുവതിക്ക് വിവാഹ സമ്മാനമായി സ്വന്തം വീട്ടുകാർ നൽകിയ 70 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തും കൂടുതൽ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
മലയാറ്റൂർ പനഞ്ചിക്കൽ വീട്ടിൽ അബിൽ പോളിനെയാണ് (33) കുന്നംകുളം എസ്എച്ച്ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
2017 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ പ്രതി കൂടുതൽ സ്ത്രീധന തുക ആവശ്യപ്പെട്ടു.
മലയാറ്റൂരുള്ള ഭർതൃഗൃഹത്തിൽ വച്ചും യുവതിയുടെ വീട്ടിൽ വച്ചും യുവതിയെ ഭീഷണിപ്പെടുത്തുകയും നിരന്തരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു.
യുവതി പീഡന വിവരങ്ങൾ വീട്ടുകാരോട് പറഞ്ഞതിലൂടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് ഐ ബാബു, എഎസ്ഐമാരായ ഗോകുലൻ, വിൻസെന്റ്, സിപിഒമാരായ സന്ദീപ്, സുജിത്, അജീഷ് കുര്യൻ എന്നിവരും ഉണ്ടായിരുന്നു.