കൊച്ചി: മഹാരാജാസ് കോളജില്‍ കുത്തേറ്റു വീണ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന്. ഇതോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളജില്‍ നിര്‍മിച്ച സ്മാരകം ഇന്ന് അനാച്ഛാദനം ചെയ്യും. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലാണ് പരിപാടികള്‍ നടക്കുക. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അനുസ്മരണ റാലി ഹൈക്കോടതി ജംഗ്ഷനില്‍ ആരംഭിച്ച് രാജേന്ദ്ര മൈതാനത്ത് അവസാനിക്കും.
അതേസമയം സര്‍ക്കാര്‍ കോളജില്‍ ഭൂമി കൈയേറി സ്മാരകം നിര്‍മിച്ചതിനെതിരേ കെഎസ്യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അഭിമന്യുവിന്റെ സ്മാരകം കോളജില്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത് ബിഎ വിദ്യാര്‍ഥികളായ കെ.എം. അംജാദ്, കാര്‍മല്‍ ജോസ് എന്നിവര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇന്ന് നടക്കുന്ന സ്മാരക അനാച്ഛാദനം തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
കോളജില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കുന്നതിനായാണ് കോളജില്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്. 250 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് എസിപി കെ. ലാല്‍ജി പറഞ്ഞു.
നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് കോളജ് വികസന സമിതി അധ്യക്ഷനായ ജില്ലാ കളക്ടര്‍ക്കും കെഎസ്യു പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ അടക്കം കോളജ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് നിര്‍മാണങ്ങള്‍ നടക്കുന്നതെന്നും ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് കെഎസ്യുവിന്റെ ആരോപണം.
കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. രണ്ടാം വര്‍ഷ ബിഎസ് സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു അഭിമന്യു.
ബിഎ മലയാളം വിദ്യാര്‍ഥി അര്ജുൻ, എംഎ ഇക്കണോമിക്സ് വിദ്യാര്‍ഥിയായ വിനീത് കുമാര്‍ എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇതില്‍ ഗുരതര പരിക്കേറ്റ അര്ജുന് ഏറെ നാളത്തെ ചികിത്സക്ക് ശേഷം കോളജില്‍ മടങ്ങിയെത്തി പഠനം തുടരുകയാണ്. വിനീത് കുമാറിന് തുടയിലാണ് കുത്തേറ്റത്.