തൊടുപുഴ: ആഴത്തിൽ നിന്നും തന്നെ ജീവിതത്തിലേക്കു പിടിച്ചുയർത്തിയ പുണ്യം നിറഞ്ഞ കൈകളുടെ ഉടമയെ കാണാൻ പ്ലസ് വണ്‍ വിദ്യാർഥിയായ അഗസ്റ്റിൻ തൊടുപുഴയാറിന്റെ തീരത്തേക്ക് ഇന്നലെ വീണ്ടുമെത്തി.
തന്നെ കാണാനെത്തിയ അഗസ്റ്റിനെ എബിൻ ഒരിക്കൽ കൂടി അനുജനെയെന്ന പോലെ ചേർത്തു പിടിച്ചു. ഒരാഴ്ച മുൻപ് തൊടുപുഴയാറിന്റെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന അഗസ്റ്റിനെ എബിന്റെ കരങ്ങളാണ് രക്ഷാ തുരുത്തിലെത്തിച്ചത്.
തെക്കുംഭാഗം കൊല്ലക്കാട്ടിൽ എബിൻ ബാബു (21) കഴിഞ്ഞ ശനിയാഴ്ച തൊടുപുഴയിൽ എത്തി മടങ്ങുന്പോഴായിരുന്നു രക്ഷാദൗത്യം. കലൂർക്കാട് വടക്കേൽ ടോമിയുടെ മകനായ അഗസ്റ്റിൻ (17) മാതാവിന്റെ സഹോദരിയായ തെക്കുംഭാഗം കോടമുള്ളിൽ ഷൈബി എബ്രഹാമിന്റെ വീട്ടിൽ എത്തിയതായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മാതൃസഹോദരിക്കൊപ്പം തൊടുപുഴയാറിൽ കുളിക്കാനായി പോയി. നദിയുടെ കരയിൽ കിടന്നിരുന്ന കഴിഞ്ഞ പ്രളയത്തിൽ തകർന്ന സ്ലാബിൽ കയറി നിൽക്കുന്നതിനിടെ ഇത് ഒടിഞ്ഞ് പുഴയിലേക്ക് പതിക്കുകയായിരുന്നു.
തുടർന്ന് പുഴയിൽ മുങ്ങിത്താഴ്ന്നു. കണ്ടു നിന്ന ഷൈബിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും മുങ്ങിത്താഴ്ന്ന അഗസ്റ്റിനെ കണ്ടെത്താനായില്ല.
ഇതിനിടെയാണ് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജീവനക്കാരനായ എബിൻ അതു വഴി വന്നത്. ഷൈബിയുടെ നിലവിളി കേട്ട് ഓടിയെത്തിയ എബിൻ പുഴയിലേക്ക് എടുത്തു ചാടി.
വെള്ളത്തിനടിയിൽ മുങ്ങിക്കിടന്ന അഗസ്റ്റിനെ പൊക്കിയെടുത്ത് കരയിലെത്തിച്ചു. കരയിൽ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ബോധം തെളിയാത്തതിനാൽ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഗുരുതരാവസ്ഥയിലായതിനാൽ രണ്ടു ദിവസം ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെ ആശുപത്രിയിൽ കഴിഞ്ഞ അഗസ്റ്റിൻ പിന്നീട് വീട്ടിലേക്കു മടങ്ങി.
കലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിയായ അഗസ്റ്റിൻ ഇതിനിടെ പരീക്ഷയിലും പങ്കെടുത്തു.
ഇന്നലെ പരീക്ഷയില്ലാതിരുന്നതിനാൽ അഗസ്റ്റിൻ രക്ഷകനായ എബിനെ കാണാൻ വീണ്ടും തെക്കുംഭാഗത്തെത്തി. തൊടുപുഴയാറിന്റെ തീരത്തു വച്ചായിരുന്നു ആ കണ്ടുമുട്ടൽ.