ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി. രാജിന് വ്യാജ സർട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു.
എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് കലിംഗ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി നൽകിയതിൽ പ്രതിയായ അബിനെ മാലിയിലെ ജോലി സ്ഥലത്തുനിന്നു നാട്ടിൽ എത്തിച്ചാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു ലക്ഷം രൂപ വാങ്ങിയാണ് നിഖിലിന് സർട്ടിഫിക്കറ്റ് നൽകിയത്. മറ്റു ചിലർക്കും അബിൻ പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി പോലീസിന് സൂചനയുണ്ട്.
തിരുവനന്തപുരത്തു പ്രവർത്തിച്ചശേഷം എറണാകുളത്തേക്കു മാറിയ ഓറിയോൻ എഡ്യു വിംഗ്സ് എന്ന സ്ഥാപനത്തിൽനിന്നാണ് നിഖിലിന് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്.
യൂണിവേഴ്സിറ്റി കോളജിൽ ബിരുദത്തിന് പഠിക്കുമ്പോൾ തുടങ്ങി ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് അബിന്റെ മൊഴി.
വിസാ തട്ടിപ്പു കേസിൽ കുടുങ്ങിയതോടെ ഈ സ്ഥാപനത്തിന്റെ എറണാകുളത്തെ ഓഫീസ് പിന്നീട് പൂട്ടിയിരുന്നു. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയാകും.
മാലിയിൽനിന്ന് എത്തിയ അബിനെ ഇന്നലെ പുലർച്ചെ കായംകുളം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബിനെയും നിഖിലിനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തിരുന്നു.
വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഏജൻസിയിൽ നിഖിലിനെയും അബിൻ രാജിനെയുമെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പും നടത്തി.
അബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബിൻ രാജിനെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും പോലീസ് നൽകും. ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു.
രണ്ടു ലക്ഷത്തിൽ 75,000 രൂപ അബിൻ എടുത്തു
വ്യാജ ബിരുദ സർട്ടിഫിക്കറ്റിനായി നിഖിൽ നൽകിയ രണ്ടു ലക്ഷം രൂപയിൽ 75,000 രൂപ എടുത്തശേഷം 1,25,000 രൂപ അബിൻ സി. രാജ് ഏജൻസിക്ക് നൽകിയെന്നാണ് പോലീസിനു നൽകിയ മൊഴി.
എന്നാൽ, രണ്ടു ലക്ഷവും ഏജൻസിക്ക് നൽകിയന്നാണ് നിഖിലിനോട് അബിൻ പറഞ്ഞത്. 7,5000 അബിൻ എടുത്ത കാര്യം ഇന്നലെ ഒരുമിച്ച് ചോദ്യം ചെയ്യുമ്പോഴാണ് നിഖിൽ അറിയുന്നത്.