കോട്ടയം: അയൽവാസിയായ മത്സ്യവ്യാപാരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ വ്യക്തിവിരോധം.
കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പ്രതിയുടെ മൊഴി.
സംക്രാന്തി സ്വദേശി നാസറി(61)നാണു ഇന്നലെ വെട്ടേറ്റത്. സംക്രാന്തി മാലിഭാഗം ചെട്ടിയേടത്ത് എബിനെ (അരുണ്) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു നാടകീയ സംഭവങ്ങൾ. മുന്പ് സംക്രാന്തിയിലെ ബിവറേജസ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് എബിൻ.
മീൻ വിൽപ്പനയ്ക്കുശേഷം ബൈക്കിൽ വരികയായിരുന്ന നാസറിനെ വഴിയിൽ തടഞ്ഞു നിർത്തിയ പ്രതി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
തലയുടെ പിന്നിലും കാലിന്റെ പെരുവിരൽ ഭാഗത്തും വെട്ടേറ്റ നാസർ രക്തം ഒലിപ്പിച്ചു തറയിൽ വീണു. ഇതു കണ്ടു പ്രദേശവാസികൾ ഓടിയെത്തിയതോടെ പ്രതി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.
പോലീസും നാട്ടുകാരും എത്തിയതോടെ എബിൻ ആറ്റിൽ ചാടുകയായിരുന്നു. കനത്ത മഴയെ തുടർന്നു വലിയ ഒഴുക്കുണ്ടായിരുന്ന ആറിനു നടുവിലെ കന്പിൽ പിടിച്ചു കിടക്കുകയായിരുന്നു പ്രതി.
ഈ സമയം നാട്ടുകാരും പോലീസും ഇരുകരകളിലും തന്പടിച്ചു. ആളുകളും പോലീസും ചേർന്നു കയറിവരാൻ ഇയാളെ നിർബന്ധിച്ചെങ്കിലും ഇയാൾ കരയ്ക്കു കയറാൻ തയാറായില്ല.
ഒരു മണിക്കൂർ നേരം കൊടൂരാറിന്റെ കൈവഴിയായ തോട്ടിൽ ഇയാൾ തണുത്തു വിറച്ചു കിടന്നു.
അഗ്നിരക്ഷാ സേനയുടെ സംഘം കരയിൽനിന്നു പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തയാറായില്ല.
ഒടുവിൽ എബിന്റെ സഹോദരനെ വിളിച്ചു വരുത്തിയ അഗ്നിരക്ഷാ സേന റബർ ഡിങ്കിയിൽ ആറ്റിലിറങ്ങി.
ആറിനു നടുവിലെത്തി എബിനെ വലിച്ച് ഡിങ്കിയിൽ കയറ്റുകയായിരുന്നു. പിന്നീട് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പരിക്കേറ്റ നാസറിന്റെ മൊഴിയെടുത്തശേഷം കേസെടുത്തു. എബിനെ ഇന്നു കോടതിയിൽ ഹാജരാക്കി.