കണ്ണൂര്‍: പോലീസ് മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ-ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങള്‍.
ഇതിനുപിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണെന്നും മയക്കുമരുന്ന് മാഫിയയുമായി തങ്ങള്‍ക്കു ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും വ്ലോഗര്‍ സഹോദരങ്ങളായ എബിനും ലിബിനും പറഞ്ഞു.
യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ഗുരുതര ആരോപണങ്ങള്‍. ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്കു കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു.
ഇതാണ് തങ്ങള്ക്കുനേരേയുള്ള നീക്കത്തിനു പിന്നിലെന്നും ഇരുവരും ആരോപിച്ചു.
ആരോപണത്തില്‍ പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തും.
നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണു പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്നു മനസിലായി.
ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജന്‍ഡ ഇതിനു പിന്നിലുണ്ട്. തങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണെന്നും വ്ലോഗർ സഹോദരന്മാര് പറയുന്നു.
കുടുക്കിയതിനുപിന്നില്‍ വന്‍ ആസൂത്രണമാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതില്‍ പിടിച്ചാണ് അവര്‍ ഞങ്ങളെ കുടുക്കിയത്.
ഞങ്ങളെ ചിലര്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. ആസാമില്‍ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു.
അവിടെനിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിനുപിന്നാലെയാണ് ചിലര്‍ തങ്ങള്‍ക്കെതിരേ തിരിഞ്ഞതെന്നും ഇരുവരും പറഞ്ഞു.
മയക്കുമരുന്ന് കടത്തില്‍ പങ്കുണ്ടോയെന്നു പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇതിനായി വ്ലോഗർ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്കിയ ഹർജിയില്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
ആസാം സന്ദർശനവേളയിൽ തയാറാക്കിയ ഒരു വീഡിയോയിൽ കഞ്ചാവ് ചെടിയുമായി നിൽക്കുന്ന ദൃശ്യമുണ്ടായിരുന്നു.
ഇതു ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
എന്നാൽ, പ്രദേശത്ത് കഞ്ചാവ് ചെടികൾ സുലഭമാണെന്നു വ്യക്തമാക്കാനാണ് റോഡരികിൽ കണ്ട കഞ്ചാവ് ചെടി പറിച്ചെടുത്ത് വീഡിയോ ചിത്രീകരിച്ചതെന്നാണ് എബിനും ലിബിനും പറയുന്നത്.