ചേർത്തല: സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാനാകാതെ മലയാളി യുവാവിന് കപ്പലിൽ ജോലിക്കിടെ ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം.
കപ്പൽ അധികൃതരുടെ മനഃപൂർവമായ അനാസ്ഥയാണ് മരണകാരണമെന്നു കാട്ടി ഇദ്ദേഹത്തിന്റെ കുടുംബം ഇന്ത്യൻ ഷിപ്പിംഗ് ഡയറക്ടർക്കും മറ്റ് അധികൃതർക്കും പരാതി നൽകി.
ചേർത്തല തൈക്കൽ പാല്യത്തയ്യിൽ പി.ജെ. വാവച്ചന്റെ മകൻ എബിൻ പി. വാവച്ചൻ (31) ആണ് മരിച്ചത്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ വച്ച് കഴിഞ്ഞ 18നായിരുന്നു സംഭവം.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സിക്യൂട്ടിവ് ഷിപ്പ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മാൾട്ടഫ്ലാഗ് ലേപ്പറൗസ് ഗ്യാസ് ടാങ്കർ കപ്പലിലാണ് മറൈനറായി എബിൻ ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഈ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. കടുത്ത പനിയെ തുടർന്ന് എബിൻ അവശനായെന്ന വിവരം കഴിഞ്ഞ 12ന് കപ്പലിലുള്ള സുഹൃത്തുക്കൾ എബിന്റെ കുടുംബത്തെ അറിയിച്ചിരുന്നു.
വിവരമറിഞ്ഞ വീട്ടുകാർ എബിന് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കന്പനിയുടെ മുംബൈ ഓഫീസ്, കപ്പൽ അധികൃതർ, ജീവനക്കാരുടെ സംഘടന തുടങ്ങിയവരോട് രേഖാമൂലം വിവരമറിയിച്ചിട്ടും ചികിത്സ നൽകിയില്ലെന്നാണ് പരാതി.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര ഏജൻസി എന്നിവർക്കുംഎബിന്റെ അച്ഛൻ റിട്ട. ഗ്രേഡ് എസ്ഐയായ വാവച്ചൻ പരാതി നല്കി.
തീരത്തു നിന്നു മൂന്നുമണിക്കൂർ ദൂരത്തു മാത്രമാണ് കപ്പൽ നങ്കൂരം ഇട്ടിരുന്നതെന്നും കപ്പൽ അടുപ്പിച്ചു ചികിത്സ നടത്താമായിരുന്നെന്നും പരാതിയിലുണ്ട്. കപ്പലിലെ ക്യാപ്റ്റൻ അടക്കമുള്ളവർ എബിന് ചികിത്സ നല്കുന്നതിൽ മനഃപ്പൂർവമായ വീഴ്ച വരുത്തിയെന്നും ജോലി കരാറിന് എതിരായി ചികിത്സ നിഷേധിച്ചെന്നും പരാതിയിൽ പറയുന്നു.
മെനഞ്ചൈറ്റിസാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ 14നാണ് എബിന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ മുഖം പോലും കാണാനാകാതെയാണ് മരണം. സംസ്കാരം ഇന്നു 11ന് ആയിരംതൈ ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടക്കും.
ഭാര്യ: ഗിഫ്റ്റി (ഇടക്കൊച്ചി അക്വീനാസ് കോളജ് അധ്യാപിക). മാതാവ്: റോസ് ദലീമ (റിട്ട.ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളജ്). സഹോദരൻ: ജോമോൻ (മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ).