തിരുവനന്തപുരം: സന്തോഷ് ട്രോഫിയിൽ കേരളം അവസാനവട്ടം ചാന്പ്യൻമാരായപ്പോൾ ടീമിൽ അംഗമായിരുന്ന എബിൻ റോസ് ഇപ്പോൾ തന്റെ ജീവനു വരെ ഭീഷണിയെന്നുകാട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടു. ടൈറ്റാനിയം ടീമിൽ അംഗമായിരുന്ന എബിനെ ചില അഭിപ്രായ ഭിന്നതകളെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കി ഇപ്പോൾ കെമിക്കൽ ഫാക്ടറിയിൽ നിയമിച്ചു. കെമിസ്ട്രി ബിരുദം പഠിച്ചിട്ടുള്ളവരെ സാധാരണ നിയമിക്കാറുള്ള ഈ കെമിക്കൽ യൂണിറ്റിൽ ബി.എ ഡിഗ്രിക്കാരനായ തന്നെ നിയമിച്ചതോടെ എന്തു ജോലിയെടുക്കണമെന്നറിയാത്ത സ്ഥിതിയിലാണെന്നും എബിൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിപ്പിട്ടിരിക്കുന്നു.
എബിന്റെ കുറിപ്പ് താഴെ വിവരിക്കുന്നു.എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ താഴെ ചൂണ്ടി കാണിക്കുന്നവർ ആണ് കാരണം . തന്റെ കുടുംബത്തിൽ നിന്ന് പോലും മറച്ചു വച്ച കാര്യങ്ങൾ പോസ്റ്റ് ആയി ഇടുന്നത് തനിക്ക് വേറെ നിർവാഹം ഇല്ലാത്തതിനാലാണെന്നും പോസ്റ്റിൽ പറയുന്നു.ഫുട്ബോൾ മാത്രം ആണ് തന്റെ മേഖല,അതിനു വേണ്ടി ന്യായമായി വാദിക്കുന്നവർ മാത്രം ആണ് തന്റെ സുഹൃത്തുക്കൾ.
ഫുട്ബോൾ മേഖലയിലെ ആൾക്കാരുമായി വ്യത്യസ്ത അഭിപ്രായങ്ങളും ആശയങ്ങളുമായി മുന്നോട്ടു പോകുന്നത് കൊണ്ട് തനിക്ക് വേണ്ടി ശബ്ദിക്കാൻ ആള് കുറവ് ആണ് . പട്ടാളക്കാരന്റെ മകനായി മുക്കുവ സമുദായത്തിൽ ജനിച്ച താൻ ഇന്ത്യൻ ത്രിവർണ പതാകയെ അല്ലാതെ മറ്റൊരു കൊടിയെയും ഇഷ്ടപ്പെട്ടിട്ടില്ലെന്നും എബിൻ റോസ് പറയുന്നു.
കോവളം എഫ്സി ടീമിനെ സഹായിക്കണമെന്ന ആവശ്യവുമായി ഷാഫി പറന്പിൽ എം എൽ എ, ശശി തരൂർ തുടങ്ങിയവരുമായി ബന്ധപ്പെട്ടിരുന്നു. ഇതാണ് തനിക്കുളള കോണ്ഗ്രസ് നേതാക്കളുമായുള്ള ബന്ധം. കന്പനിയിൽ താൻ ഐഎൻടിയുസി യൂണിയൻ മെന്പറായതിനാൽ അധികാരത്തിൽ ഇരിക്കുന്നവരെ താൻ ഒരു രാഷ്ട്രിയക്കാരൻ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ചു തേജോവധം ചെയ്യുന്നു വെന്നും എബിൻ റോസ് ആരോപിക്കുന്നു.
“ജോലിക്ക് കന്പനിയിൽ ചെന്ന എന്നെ സാധാരണ ക്ലാസ്സ് റൂമിലെ ട്രെയിനിംഗിനു പോലും ഇരുത്താതെ ആസിഡ് , അഗ്നി , പൊടിപടലങ്ങൾ ഉൾപെട്ട വളരെ അപകടം പിടിച്ച മേഖലയിൽ പോസ്റ്റ് ചെയ്തു . ഒരു ഭാഗത്ത് ചെന്നപ്പോൾ ആയിരം ഡിഗ്രിയിൽ അധികം ചൂടിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ , ഡയിജെസ്ടർ എന്ന ഭാഗത്ത് ചെന്നപ്പോൾ മുന്പ് രണ്ടു പേർ അപകടത്തിൽ ശരീരം മുഴുവൻ കത്തി പോയ കഥകളും. രാഷ്ട്രീയം പറഞ്ഞു കയറിയവർ ഉണ്ടാകും അവർക്ക് ഒരു കളിക്കാരനായി കഷ്ടപ്പെട്ട് വന്നവന്റെ ബുദ്ധിമുട്ട് മനസിലാകില്ല”- പോസ്റ്റിൽ പറയുന്നു.ഇനിയും ദ്രോഹിക്കരുത് ഇത് അപേക്ഷയല്ല എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.