തൊടുപുഴ: വീട്ടുകാരുടെയും നാട്ടുകാരുടെയും മനമുരുകിയുള്ള പ്രാർഥനയ്ക്കു സാഫല്യം. രക്തസാന്പിൾ മാറ്റിയെന്നാരോപിക്കപ്പെട്ടു കുവൈത്ത് ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന യുവാവിന്റെ മോചനത്തിനു വഴിതെളിഞ്ഞു. കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലിപുത്തൻപുരയിൽ എബിൻ തോമസിനാണ് (28) കുവൈത്ത് കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. ഇതോടെ എബിൻ ജയിൽ മോചിതനാകാനുള്ള സാധ്യത തെളിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 22 മുതൽ ചെയ്യാത്ത കുറ്റത്തിനു ജയിലിൽ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു. ജാമ്യത്തിനു ശ്രമിച്ചെങ്കിലും വിധി പറയാനായി പലതവണ മാറ്റുകയായിരുന്നു. ഒക്ടോബർ ഒന്നിനു കേസിൽ അന്തിമവിധി പറയും.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിൽ ഫഹാഹിൽ ക്ലിനിക്കിൽ 2015 മാർച്ച് മുതൽ ജോലി ചെയ്യുകയായിരുന്നു. ക്ലിനിക്കിൽ രക്തപരിശോധനയ്ക്കായി സാന്പിൾ നല്‍കാനെത്തിയ ബംഗ്ലാദേശ് യുവാവിന്റെ രക്ത സാന്പിൾ മാറ്റിയെന്നാണ് ആരോപണം. കുവൈത്തിൽ ജോലിക്കായുള്ള ഇക്കാമയ്ക്കായുള്ള രക്ത പരിശോധനയ്ക്കാണു സാന്പിൾ ശേഖരിച്ചത്. ക്ലിനിക്കിൽ സാന്പിൾ എടുത്തു ലാബിലേക്കു കൊണ്ടുപോകുകയായിരുന്നു രീതി. രക്തസാന്പിൾ എടുത്തു ലേബൽ ഒട്ടിച്ചു ലാബിലേക്കയയ്ക്കുകയായിരുന്നു എബിന്റെ ജോലി.
മഞ്ഞപ്പിത്ത രോഗമുള്ള യുവാവ് ഇതു മറച്ചുവച്ചാണ് ബംഗ്ലാദേശിൽനിന്നു കുവൈറ്റിലെത്തിയത്. രക്തപരിശോധനയിൽ ഇതു പുറത്തു വരാതിരിക്കാൻ ഇയാൾ സാന്പിൾ മാറ്റുകയായിരുന്നു. എന്നാൽ, പണം വാങ്ങി സാന്പിൾ മാറ്റാൻ കൂട്ടുനിന്നുവെന്നായിരുന്നു എബിനെതിരേ ഉയർന്ന ആരോപണം.
പോലീസ് കസ്റ്റഡിയിൽ കഴിയവെ എബിനു ക്രൂര മർദനമേൽക്കുകയും ചെയ്തു. കുറ്റമേൽക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദനമെന്ന് എബിന്റെ ബന്ധുക്കൾ പറയുന്നു. പിന്നീടു ഗുരുതരമായ കുറ്റം ആരോപിച്ചു ജയിലിൽ അടയ്ക്കുകയായിരുന്നു. ബന്ധുക്കൾ എബിന്റെ മോചനത്തിനായി ജനപ്രതിനിധികളെ ഉൾപ്പെടെ ബന്ധപ്പെട്ടെങ്കിലും നടന്നില്ല. കുവൈത്തിലെ എബിന്റെ സുഹൃത്തുക്കൾ കേസ് നടത്തിപ്പിനാവശ്യമായ പണം നൽകിയതോടെയാണു കേസ് മുന്നോട്ടുനീങ്ങിയത്. വക്കീൽ ഫീസിനത്തിൽ മാത്രം 15 ലക്ഷം ചെലവായി. മലയാളി വൈദികനായ ഫാ. ജോണ്‍സണും കേസ് നടത്തിപ്പിനു സഹായിച്ചു.
മൂന്നുതവണ വിധി പറയാൻ മാറ്റിവച്ചത് ആശങ്ക ഉയർത്തിയെങ്കിലും ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. എബിനെതിരേ കേസെടുക്കാൻ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ബംഗ്ലാദേശ് സ്വദേശിയെ സഹായിച്ച നാല് ഇടനിലക്കാരെ പോലീസ് പിടികൂടിയിരുന്നു. ഇവർ എബിനു പണം നൽകിയില്ലെന്നു മൊഴി നൽകിയതും നിർണായകമായി.
കാൻസർരോഗ ബാധിതനായിരുന്ന പിതാവ് ബേബിയുടെ മരണശേഷം വളരെ വിഷമത്തിലായിരുന്നു എബിന്റെ കുടുംബം. കുവൈത്തിലെ ജോലിയിൽ വലിയ പ്രതീക്ഷയർപ്പിച്ചാണ് എബിൻ പോയത്. മാതാവ് ലിസിയും ജേഷ്ഠൻ ലിബിനുമാണ് ഇപ്പോൾ വീട്ടിൽ താമസം. ലിബിന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്.
എബിന് ഇനി കുവൈത്തിൽത്തന്നെ ജോലി ചെയ്യാനാകുമോയെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു ലിബിനും ലിസിയും പറഞ്ഞു. എങ്കിലും എബിന്റെ മോചനത്തിനു വഴിതെളിഞ്ഞതിൽ ദൈവത്തോടും സഹായിച്ച സുഹൃത്തുക്കളോടും നന്ദി പറയുകയാണ് ഈ കുടുംബം.