കട്ടപ്പന: ദീർഘദൂര യാത്രകളെ ഇഷ്ടപ്പെടുന്ന സഹോദരങ്ങളാണ് കണ്ണൂർ ഇരിട്ടി നെച്ചിയാട്ട് എബിൻ വർഗീസും ലിബിൻ വർഗീസും. മൂന്നു വർഷംകൊണ്ട് ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും സഞ്ചരിക്കാനിറങ്ങിയ ഇവർ ഇപ്പോൾ ഇടുക്കിയെ അറിയുന്ന തിരക്കിലാണ്. മൂന്നുമാസം മുന്പ് കണ്ണൂരിൽനിന്നും പുറപ്പെട്ട ഇരുവരും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഇതിനോടകം പിന്നിട്ടുകഴിഞ്ഞു.
വാഹനങ്ങൾ വീടുകളാക്കി വിനോദ സഞ്ചാരത്തിനിറങ്ങുന്ന പ്രവണത യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണമാണെന്നും ഇത്തരം യാത്രകൾ ഇന്ത്യയിൽ അപൂർവമാണെന്നും ഇവർ പറയുന്നു. ഏഴുപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണ് ഇവരുടെ ഭവനം.
ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഇതിനുള്ളിലാണ്. ഒരുദിവസം ചെലവാകുന്നത് 350 രൂപ മാത്രം. പുറത്തുനിന്നും ഒരു ഭക്ഷണംപോലും ഇവർ കഴിക്കാറില്ല. ഇടുക്കി ജില്ലയിൽ കഴിഞ്ഞ 20 ദിവസമായി ഇവർ ഉണ്ട്.
ഒരുമാസംകൂടി ഇടുക്കിയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സഞ്ചരിച്ചശേഷമാണ് തിരികെ പോകുക. യാത്രയുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നുമുണ്ട് ഇവർ. ഇടുക്കിയിലെ കാർഷിക സംസ്കാരം അറിഞ്ഞുള്ള യാത്ര മികച്ചതായിരുന്നെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും ആവശ്യമായ സഹായങ്ങൾ ലഭിക്കാറുണ്ടെന്നും ഇവർ പറയുന്നു.