ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രക്ക് ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) ബ്ലൂ ക്രോസ് പുരസ്കാരം.
ബ്ലൂ ക്രോസ് ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബിന്ദ്ര. ഫെഡറേഷന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ബ്ലൂ ക്രോസ്. ഷൂട്ടിംഗ് ലോകത്ത് നല്കുന്ന മികച്ച സംഭാവനയ്ക്കാണ് ഈ പുരസ്കാരം.
മുപ്പത്തിയാറുകാരനായ ബിന്ദ്രയുടെ കരിയറില്‍ 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫിൾസിലായിരുന്നു സ്വര്‍ണമെഡല്‍. 2006 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും ഏഴ് കോമണ്‍വെല്‍ത്ത് മെഡലുകളും മൂന്നു ഏഷ്യന്‍ ഗെയിംസ് മെഡലുകളും ഈ താരത്തിന്റെ പേരിലുണ്ട്.
ഇന്ത്യ ഇദ്ദേഹത്തെ 2000ല്‍ അര്‍ജുന അവാര്‍ഡ്, 2001ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന, 2009ല്‍ പദ്മഭൂഷണ്‍ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്.