വൈക്കം: ഉപയോഗശുന്യമെന്നു കരുതി പലരും വലിച്ചെറിയുന്ന ചില്ലു കുപ്പികൾ പ്ലസ് ടു വിദ്യാർഥിനി അഭിരാമിയുടെ കൈകളിലെത്തുന്പോൾ മികച്ച കലാസൃഷ്ടിയായി മാറും. വൈക്കം പോളശ്ശേരിയിൽ കിഴക്കേ ചായപ്പള്ളിയിൽ ദിനേശന്റെ മകൾ വൈക്കം വെസ്റ്റ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലൈവ് സ്റ്റോക്ക് രണ്ടാം വർഷ വിദ്യാർഥിനി അഭിരാമിയാണ് ചില്ലു കുപ്പികളിൽ വർണങ്ങൾ വാരിവിതറി കലാസൃഷ്ടികൾ തീർക്കുന്നത്.
അച്ഛൻ ദിനേശൻ വീട്ടിൽ കൊണ്ടുവന്ന ഒരു ബിയർ കുപ്പിയിൽ ഒന്നര മാസം മുന്പ് ആദിവാസികളുടെ നൃത്തത്തിന്റെ ചിത്രം ഒരു കൗതുകത്തിനു ആലേഖനം ചെയ്താണ് ഈ 16 കാരി ചിത്രരചനയുടെ ലോകത്തേയ്ക്ക് എത്തിയത്.പിന്നീട് കുപ്പികളിൽ പൂക്കൾ, മരച്ചില്ലകൾ, തിരമാല, ഇലകൾ, തുടങ്ങി നയനാനന്ദകരമായ വിവിധ ചിത്രങ്ങൾ വരച്ചു.
കഴിഞ്ഞ ഒന്നര മാസത്തിനകം 50 ഓളം ചില്ലു കുപ്പികൾ അഭിരാമി ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി മാറ്റി. സഹോദരൻ അപ്പു ചിത്രരചനയിൽ തൽപരനായിരുന്നു. അപ്പു വരച്ച ചിത്രങ്ങൾ നോക്കി വരച്ചാണ് അഭിരാമി ചിത്രരചനയിൽ തുടക്കമിട്ടത്. അഭിരാമി വരച്ച ചിത്രങ്ങൾ മികച്ചതാണെന്നു പറഞ്ഞ് കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും അഭിനന്ദിച്ചതോടെ വരയെ ഗൗരവമായി സമീപിക്കണമെന്ന തീരുമാനത്തിലേയക്ക് അഭിരാമിയുമെത്തുകയാണ്.
വീടിന്റെ പൂമുഖത്തെ ചുവരിൽ നിലാവത്ത് പാറക്കൂട്ടത്തിനു മുകളിൽ നിന്നു ഓരിയിടുന്ന ഒരു കുറുക്കന്റെ ചിത്രം ഒരു രാത്രി സ്വപനത്തിലെ ദൃശ്യമായി അഭിരാമി കോറിയിട്ടിട്ടുണ്ട്. നൃത്തം തനിക്കു ജീവനും ചിത്രംവര ജീവശ്വാസവുമാണെന്ന് ഈ കൗമാരക്കാരി പറയുന്പോൾ അഭിരാമിയുടെ ചിത്രങ്ങൾ കണ്ടവർ അത് അക്ഷരാർഥത്തിൽ ശരിയാണെന്ന് സമ്മതിക്കും.