കണ്ടശാംകടവ്: ജെല്ലിക്കെട്ട് സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ടശാംകടവും പരിസരപ്രദേശങ്ങളും ഇന്നലെ. അറക്കാൻ കൊണ്ടു വന്ന കാള കയർ പൊട്ടിച്ചോടിയതു തീരദേശത്തെ മൂന്നു മണിക്കൂറോളമാണു മുൾമുനയിൽ നിർത്തിയത്.
കാളയുടെ ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു. നാട്ടുകാരുടെ നേതൃത്വത്തിൽ ഒടുവിൽ കാളയെ പിടിച്ചു കെട്ടി. ബൈക്ക് കുത്തി മറിച്ചിട്ടു കേടുവരുത്തിയ കാള പൈപ്പും കന്പിവേലിയും ചെടികളും വൃക്ഷത്തൈകളും നശിപ്പിച്ചു.
കണ്ടശാംകടവിൽ നിന്നു കയർ പൊട്ടിച്ചോടിയ കാളയാണു മൂന്നു കിലോമീറ്ററോളം ഓടി തളിക്കുളം കലാഞ്ഞി കോളനിയിലും പരിസരങ്ങളിലും നാശം വിതച്ചത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ തളിക്കുളം ഗ്രാമപഞ്ചായത്തംഗം പി.ആർ. രമേഷിന്റെ നേതൃത്വത്തിൽ ആറംഗ എനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തിയെങ്കിലും കാള കന്പിവേലികൾ തകർത്തും വൃക്ഷത്തൈകൾ നശിപ്പിച്ചും പിടി തരാതെ ഓടി.
പിന്നീട് കലാഞ്ഞി പാലത്തിനു തെക്കുഭാഗത്ത് എത്തിയ കാള കല്ലാറ്റ് സനീഷിന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്ക് കുത്തി മറിച്ചിട്ടു നശിപ്പിച്ചു. വീട്ടിലെ ടാപ്പും കേടു വരുത്തി.
റോഡിലൂടെയും പറന്പിലൂടെയും ഓടിയ കാളയെ പിന്നീട് ഉച്ചയ്ക്ക് 12-ഓടെ അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ വടം എറിഞ്ഞു മൽപ്പിടിത്തത്തിലൂടെ പിടിച്ചു കെട്ടുകയായിരുന്നു.
കാളയുടെ ആക്രമണത്തിൽ സംഘത്തിലുണ്ടായിരുന്ന പെടാട്ട് ശ്രീജൻ എന്നയാൾക്കു പരിക്കേറ്റു. രമേഷിനും ശ്രീജനും പുറമെ സംഘത്തിൽ രവീന്ദ്രൻ തൂമാട്ട്, സി.എ. ജോഷി, സത്യൻ വാക്കാട്ട്, കെ.സി. ഷൈലേഷ് എന്നിവരുമുണ്ടായി. സംഭവമറിഞ്ഞ് വാടാനപ്പള്ളി എസ്ഐ സാദിഖലിയുടെ നേതൃത്വത്തിൽ പോലീസും എത്തിയിരുന്നു.