മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ നീര്‍ച്ചാലില്‍ 19 ഭ്രൂണങ്ങള്‍ കണ്ടെത്തി. ഇതെല്ലാം പെണ്ഭ്രൂണങ്ങളാണ്. സംഭവത്തിനു പിന്നില്‍ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റുകളാണെന്നാണെന്നാണ് പോലീസിന്റെ നിഗമനം. പശ്ചിമ മഹാരാഷ്ട്രയിലെ സംഗ്ലിയ്ക്കു സമീപമുള്ള ഹൈസാല്‍ ഗ്രാമത്തിലെ ഒരു നീര്‍ച്ചാലില്‍ നിന്നാണ് ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെയാണ് പോലീസ് സംഘം സമാനരീതിയില്‍ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയ 19 ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. പെണ്ഭ്രൂണഹത്യകള്ക്ക്ആശുപത്രി അധികൃതരുടെ ഒത്താശയുമുണ്ടായിരുന്നുവെന്നാണ് സൂചന.
ഇത്തരത്തില്‍ ഗര്‍ഭച്ഛിദ്രം ചെയ്ത ഭ്രൂണങ്ങള്‍ നീര്‍ച്ചാലില്‍ ഒളിപ്പിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഗര്‍ഭച്ഛിദ്രത്തിനിടെ 26കാരി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ് സംഭവത്തിനു പിന്നിലുള്ള വന്‍ റാക്കറ്റുകളിലേക്ക് നീണ്ടത്. ഡോ. ബാബാസാഹിബ് ഖിദ്രാപൂരെ എന്നയാളുടെ ആശുപത്രിയിലാണ് ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ ഒരുവിഭാഗം ഗ്രാമീണര്‍ ഇതുസംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടര്‍ ഒളിവില്‍ പോയി.
ഗര്‍ഭച്ഛിദ്രത്തിനിടെ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ ഝംഡാഡെയാണ് യുവതിയെ ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. മൂന്നാമത്തെ കുട്ടിയും പെണ്കുഞ്ഞാണെന്നറിഞ്ഞതാണ് ഇവരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചത്. മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണെന്നും അതിനെ ഗര്‍ഭച്ഛിദ്രം നടത്തി നശിപ്പിക്കാന്‍ പോവുകയാണെന്നും പ്രവീണ്‍ തന്നോട് പറഞ്ഞിരുന്നതായി മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സുനില്‍ യാദവ് പോലീസിനോട് പറഞ്ഞു. പ്രവീണിന്റെ തീരുമാനത്തെ താന്‍ എതിര്‍ത്തെങ്കിലും പിന്മാറാന് അയാള്‍ തയ്യാറായിരുന്നില്ലെന്നും സുനില്‍ യാദവ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും രഹസ്യമായി ഇപ്പോഴും ലിംഗനിര്‍ണയം നടക്കുന്നുണ്ട്.