ഐവിഎഫ് ചികിത്സയിലൂടെ അമ്മയായ ധാരാളം സ്ത്രീകളുണ്ട്. അതിലൊരാളായിരുന്നു ടിമികയും. എന്നാൽ ഒരു ഫാർമസിയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച മൂലം ഇരട്ട കുട്ടികളെയാണ് ലാസ് വെഗാസിൽ നിന്നുള്ള ടിമികയ്ക്ക് നഷ്ടമായത്.
ടിമികയും ഭർത്താവും ഐവിഎഫ് തിരഞ്ഞെടുത്തത് ഫലോപ്യൻ കുഴലുകൾ നീക്കം ചെയ്തതിന് ശേഷമാണ്. രണ്ട് ഭ്രൂണങ്ങളാണ് ഇതിനായ് നിക്ഷേപിച്ചത്. സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും ചികിത്സയുടെ ഭാഗമായാണ് ഇവർ മരുന്നു വാങ്ങിച്ചത്.
എന്നാൽ മരുന്ന് കഴിച്ചതിന് തൊട്ടുപിന്നാലെ ടിമികയ്ക്ക് വയറ്റിൽ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. വേദന സഹിക്കാവുന്നതിലും അപ്പുറമായതോടെ ഫാർമസിയിൽ നിന്നും മരുന്ന് നൽകിയ കുപ്പി ടിമിക പരിശോധിച്ചു. വേദന അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ട് ഡോസ് മരുന്നാണ് ടിമിക കഴിച്ചത്. കുപ്പി പരിശോധിച്ചപ്പോൾ അതിൽ ഗർഭഛിദ്രത്തിനായുള്ള മരുന്ന് എന്നാണ് അവർ കണ്ടത്.
തുടർന്ന് സിവിഎസ് എന്ന ഫാർമസിയ്ക്കെതിരായ് ടിമിക പരാതി നൽകി. ഡോക്ടർ എഴുതിയത് ശ്രദ്ധിക്കാതെ മരുന്ന് കൊടുക്കുക, മരുന്നിനെ കുറിച്ച് ടിമികയോട് സംസാരിക്കാതിരിക്കുക എന്നിങ്ങനെയുള്ള വീഴ്ചകളാണ് ഫാർമസിയുടെ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഫാർമസി ഖേദം പ്രകടിപ്പിച്ചു.