പത്തനംതിട്ട: കോഴിക്കോട് മോഡല്‍ ഗര്‍ഭം കലക്കല്‍ ശ്രമം പത്തനംതിട്ടയിലും. ആണുങ്ങളില്ലാത്ത വീട്ടില്‍ മദ്യലഹരിയില്‍ കയറി ഗര്‍ഭിണിയെയും മാതാവിനെയും ആക്രമിച്ച ക്രിമിനല്‍ കേസ് പ്രതി തടയാനെത്തിയ പോലീസുകാരനെ അടിമുടി കടിച്ച് രക്ഷപ്പെട്ടു.
എന്നാല്‍ പോലീസിന്റെ ഊര്‍ജിതമായ പ്രവര്‍ത്തനഫലമായി മണിക്കൂറുകള്‍ക്കകം പ്രതി വലയിലുമായി. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെയും മാതാവിനെയുമാണ് വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ വെച്ചൂച്ചിറ മണ്ണടിശാല പരുവ സ്വദേശി അഞ്ചാനിയില്‍ ആനക്കാരന്‍ മനോജ് എന്നറിയപ്പെടുന്ന മനോഹരന്‍ (30) ആണ് അക്രമിച്ചത്.
ഗര്‍ഭിണിയുടെയും മാതാവിന്റെയും അഭ്യര്‍ഥനപ്രകാരം എത്തിയ വെച്ചൂച്ചിറ എസ്‌ഐ അഷ്‌റഫ്, സിപിഒമാരായ ഷിന്റോ, സി ടി സുനില്‍ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് പ്രതി അക്രമം നടത്തിയത്. സിപിഒ പിപി ഷിന്റോയ്ക്കാണ് പരുക്കേറ്റത്.
ഇടതു കാല്‍ തുടയിലും കാല്‍മുട്ടിനു മുകളിലും കടിയേറ്റ ഷിന്റോ റാന്നി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്ന ആനക്കാരന്‍ മനോജിന്റെ അക്രമത്തില്‍ നിന്നും ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പരുവ സ്വദേശിനിയായ മണിയമ്മ ബാബുരാജ് രാത്രി എട്ടരയോടെ വെച്ചൂച്ചിറ സ്റ്റേഷനിലേക്കു വിളിച്ചതോടെയാണ് സംഭവത്തിനു തുടക്കം.
വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴും മനോജ് ബഹളം വയ്ക്കുകയായിരുന്നു. പോലീസിനെ കണ്ട് എളിയില്‍ കരുതിയിരുന്ന കത്തി വീശിയതോടെ പൊലീസുകാര്‍ ഇയാളെ ബലമായി പിടിച്ചു കത്തി തട്ടിമാറ്റുകയായിരുന്നു. ഇതിനിടയില്‍ തറയിലേക്കു കിടന്ന അക്രമി ഷിന്റോയുടെ കാലില്‍ രണ്ടിടത്തായി കടിച്ചു മുറിവേല്പിക്കുകയായിരുന്നു.
കിട്ടയ അവസരത്തില്‍ എഴുന്നേറ്റ അക്രമി ഇരുളിന്റെ മറവില്‍ വീടിനു താഴ് ഭാഗത്തുള്ള കുഴിയിലേക്കു ചാടി രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്നലെ കോഴഞ്ചേരി ജില്ലാ ആശുപത്രി ഭാഗത്തു നില്‍ക്കുന്നതായി വിവരം ലഭിച്ച പൊലീസ് അവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതും അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തതും. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.