അഞ്ചു വര്ഷത്തിനിടെ ഗുജറാത്തില് 40,000ല് അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്ട്ട്. നാഷനല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോ (എന്സിആര്ബി) ആണ് ഡേറ്റ പുറത്തുവിട്ടത്.
2016ല് 7105 സ്ത്രീകളെ കാണാതായപ്പോള് 2017ല് 7712, 2018ല് 9246, 2019ല് 9268, 2020ല് 8290 എന്നിങ്ങനെയാണ് കണക്ക്. ഇക്കാലയളവില് ആകെ 41,621 പേരെ കാണാതായി.
2021ല് സര്ക്കാര് നിയമസഭയില് നല്കിയ കണക്കില് 2019-20 കാലയളവില് അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിലേക്കു നിര്ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില് പലരുമെന്ന് മുന് ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗവുമായ സുധീര് സിന്ഹ പറയുന്നു.
ആളുകളെ കാണാതാവുന്ന പരാതികളോട് പോലീസിന് തണുപ്പന് പ്രതികരണമാണുള്ളത്. കൊലക്കേസുകളേക്കാള് ഗുരുതരമായി ഇത്തരം കേസുകള് പരിഗണിക്കണമെന്നും ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില് ഇപ്പോള് നടത്തുന്നതെന്നും സിന്ഹ പറഞ്ഞു.
പെണ്കുട്ടികളെ കാണാതാകുന്നതില് പഴിചാരേണ്ടത് മനുഷ്യക്കടത്തു സംഘങ്ങളെയാണെന്ന് മുന് എഡിജിപിയായിരുന്ന ഡോ. രാജന് പ്രിയദര്ശിനി പറഞ്ഞു.
കാണാതെ പോകുന്ന വലിയൊരു വിഭാഗം പെണ്കുട്ടികളെയും അനധികൃതമായി പ്രവര്ത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങള് മറ്റൊരു സംസ്ഥാനത്തെത്തിച്ച് വില്ക്കുകയാണെന്ന് തന്റെ കാലത്ത് കണ്ടെത്തിയിരുന്നുവെന്ന് പ്രിയദര്ശിനി പറയുന്നു.
ഒരിക്കല് താന് ഖേഡ ജില്ലയിലെ എസ്പിയായിരുന്നപ്പോള് അവിടെ ജോലി ചെയ്യാനെത്തിയ ഒരു ഉത്തര്പ്രദേശുകാരന് പാവപ്പെട്ട പെണ്കുട്ടിയെ സ്വന്തം നാട്ടിലേക്കു വിറ്റുവെന്നും അവിടെ പാടത്ത് പണിയെടുത്തിരുന്ന പെണ്കുട്ടിയെ രക്ഷപ്പെടുത്താന് തന്റെ അന്വേഷണത്തിനു കഴിഞ്ഞുവെന്നും പറഞ്ഞ പ്രിയദര്ശിനി എന്നാല് എല്ലായ്പ്പോഴും ഇതു നടക്കണമെന്നില്ലെന്നും കൂട്ടിച്ചേര്ത്തു.