ചെങ്ങന്നൂർ: വീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് എറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അഭിഭാഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ വാദം തെറ്റാണെന്ന് തെളിയുന്നു. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ കീഴ്ചേരിമേൽ പ്ലാപ്പള്ളി വീട്ടിൽ കൂട്ടൂസ് വില്ലയിൽ ജി. ശ്രീകുമാർ (കുട്ടൂസ്) ഹൈക്കോടതിയിൽ സമർപ്പിച്ചു.
പുത്തൻകാവ് അങ്ങാടിക്കൽ ശാലേം നഗറിൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ അഡ്വ. ഏബ്രഹാം വർഗീസിന്റെ (ബേബിക്കുട്ടി 65) കൊലക്കേസ് സംബന്ധിച്ച പോലീസ് നടപടി ഇതോടെ വിവാദമാകുകയാണ്.
ചിലരെ രക്ഷപെടുത്താൻ വേണ്ടി പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. മാർച്ച് ആറിനുണ്ടായ സംഭവത്തിൽ അങ്ങാടിക്കൽ പുത്തൻകാവ് നട ക്ഷേത്രത്തിന് സമീപം പൗവ്വത്ത് വീട്ടിൽ അരവിന്ദ് (33) റിമാൻഡിലായിരുന്നു.
ഇയാളെ മാത്രം പ്രതിചേർത്ത നടപടി അന്നേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. അരവിന്ദ് മാത്രമാണ് കൊലപാതകത്തിന് ഉത്തരവാദി എന്നായിരുന്നു ആദ്യം തൊട്ടേ സ്ഥാപിച്ചത്. മാലിന്യമെറിഞ്ഞ് കടന്ന അഡ്വ. ഏബ്രഹാമിനെ പിടികൂടാൻ സുഹൃത്തുക്കളെ അരവിന്ദ് വിളിച്ചു വരുത്തിയതാണെന്നും ഇവർ നിരപരാധികളാണെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്.
പക്ഷേ അരവിന്ദിനൊപ്പം കൂട്ടുകാരും ഒരേ പോലെ കുറ്റക്കാരെന്ന് ശ്രീകുമാർ കോടതിയിൽ സമർപ്പിച്ച വീഡിയോയിൽ വ്യക്തമാകുന്നുണ്ടെന്നാണ് സൂചന. അരവിന്ദും കൂട്ടുകാരും സ്കൂട്ടറിലെത്തിയ ഏബ്രഹാമിനെ ശ്രീകുമാറിന്റെ വീടിന്റെ മുന്നിൽ വെച്ച് ബൈക്ക് കുറുകെ വച്ചു തടയുന്നത് വീഡിയോയിൽ കാണാം.
ബൈക്കുകൾക്കിടയിലൂടെ വെട്ടിച്ചു കടന്ന് ഏബ്രഹാം പ്രാണരക്ഷാർഥം പോകുന്നതും മറ്റുള്ളവർ ഇയാളുടെ പിന്നാലെ പായുന്നതും വീഡിയോയിൽ ഉണ്ട്. തന്റെ വീട്ടിൽ നിന്നും ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൈക്കലാക്കാനും നശിപ്പിക്കാനും പോലീസ് ശ്രമിക്കുന്നതായി ശ്രീകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ടിൽ പറയുന്നു.
ദൃശ്യങ്ങൾ പോലീസ് നശിപ്പിച്ചാൽ ബാക്കിയുള്ളവർ കേസിൽ നിന്ന് രക്ഷപെടുമെന്നതിനാൽ കോടതിയുടെ നിർദ്ദേശം അനുസരിച്ചു മാത്രമേ യഥാർഥ ദൃശ്യങ്ങൾ പോലീസിന് നൽകാനാവൂ എന്നാണ് ശ്രീകുമാർ കോടതിയിൽ ധരിപ്പിച്ചിരിക്കുന്നത്.
ശ്രീകുമാറിന്റെ വീട്ടിലെ ദൃശ്യങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതിന്റെ കാര്യകാരണങ്ങൾ വിശദമായി റിപ്പോർട്ടായി സമർപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ. എം. സുധിലാലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.