കോട്ടയം: കോട്ടയത്തുനിന്നു കാണാതായ രണ്ടാമത്തെ ദന്പതികളെ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയതായി പോലീസ്. മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണു കഴിഞ്ഞ 13നു പുലർച്ചെ മുതൽ കാണാതായിരിക്കുന്നത്. ദന്പതികൾ സ്കൂട്ടറിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം സ്കൂട്ടർ പാർക്കിംഗ് ഏരിയായിൽ വച്ചു രണ്ടുദിവസത്തെ പണമടച്ചതിനുശേഷമാണു കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
14 ജില്ലകളിലും നിരവധി പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി കഴിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞപ്പോൾ മുതൽ എല്ലാ ജില്ലകളിലുമുള്ള പോലീസ് സംഘങ്ങൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ധ്യാന കേന്ദ്രങ്ങൾ, ഓൾഡേജ് ഹോമുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്ന അന്വേഷണ സംഘങ്ങൾ ദന്പതികളുടെ ചിത്രങ്ങൾ കാണിച്ചാണു ഇവരെ അന്വേഷിക്കുന്നത്. പേരുകൾ മാറ്റിപറഞ്ഞും ആരെങ്കിലും ഇവിടങ്ങളിൽ താമസിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 13മുതൽ മുറിയെടുത്തു താമസിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
അതേസമയം മാതാപിതാക്കളെ കാണാതായതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ മകൻ ടിൻസി ഇട്ടി ഏബ്രഹാം(37)ന്റെ മൃതദേഹം സ്വകാര്യ ആശുപത്രിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാപിതാക്കളെക്കുറിച്ചു വിവരങ്ങൾ ലഭിക്കാത്തതിനാൽ ഇട്ടിയുടെ സംസ്കാര സമയം തീരുമാനിച്ചിട്ടില്ല. ഇന്നലെ ആശുപത്രിയിൽ പെണ്കുഞ്ഞിനു ജന്മം നൽകിയ ഇട്ടിയുടെ ഭാര്യ ബെൻസിയെ മരണവിവരം അറിയിച്ചിട്ടില്ല. ഇട്ടി കാണാതായ മാതാപിതാക്കളെ അന്വേഷിച്ചു പോയിരിക്കുയാണെന്നാണു ബന്ധുക്കൾ ബെൻസിയെ ധരിപ്പിച്ചിരിക്കുന്നത്.
ഏബ്രഹാമും ഭാര്യ തങ്കമ്മയും ബന്ധുവീടുകളിൽ എത്തിയിട്ടില്ലെന്നും പോലീസ് ഇതിനോടകം സ്ഥീരികരിച്ചിട്ടുണ്ട്. മകൻ മരിച്ച സംഭവം അറിഞ്ഞാൽ ഇവർ തീർച്ചയായും തിരികെ എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണു ഇപ്പോഴും പോലീസ്. തന്നെയുമല്ല ബെൻസിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന കാര്യവും ഇവർക്ക് അറിയാവുന്നതാണ്. ഇക്കാര്യങ്ങൾ തിരക്കിയെങ്കിലും ഇവർ ബന്ധുക്കളെ വിളിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്.
അർധരാത്രിയിൽ ഇവരെ കാണാതായ സമയത്ത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും സെക്കന്റ് ക്ലാസ് ടിക്കറ്റ് എടുത്തവരുടെ വിവരങ്ങളും പോലീസ് ഇന്നലെ ശേഖരിച്ചിരുന്നു. എന്നാൽ ഏബ്രഹാമും ഭാര്യ തങ്കമ്മയും ഇത്തരത്തിൽ ടിക്കറ്റ് എടുത്തതായിട്ടുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ഇന്നു വൈകുന്നേരത്തോടെ എല്ലാ ജില്ലകളിൽ നിന്നുമുള്ള അന്വേഷണ വിവരങ്ങൾ പോലീസിനു ലഭിച്ചേക്കും. കോട്ടയം ഡിവൈഎസ്പി സക്കറിയ മാത്യു, ഈസ്റ്റ് സിഐ സാജു വർഗീസ്, എസ്ഐ രഞ്ജിത് കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്.