തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട് വയോധികയെ തലയ്ക്കടിച്ച് മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തളിപ്പറമ്പ് പോലീസ് പിടികൂടി.
ചുഴലി വളക്കൈ സ്വദേശി മുക്കാടത്തി ഹൗസില്‍ അബ്ദുള്‍ ജബ്ബാറി (51) നെയാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് പിടികൂടിയത്. കീരിയാട് തളിയന്‍ കാര്‍ത്യായനിയെ(78) യാണ് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണമാല കവര്‍ന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ പ്രതി കാര്‍ത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകവെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാലയുമായി രക്ഷപെടുകയുമായിരുന്നു.
വെല്‍നസ് ഉത്പന്നം വില്പന നടത്തിയിരുന്ന പ്രതി ആദ്യം വീട്ടിലെത്തിയപ്പോള്‍ കാര്‍ത്യായനി വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്നു.
ഇതോടെ മടങ്ങിപ്പോയ ഇയാൾ വീണ്ടും തിരികെ വന്ന് വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കി കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
അബോധാവസ്ഥയിലായ വീട്ടമ്മയുടെ മാല കവര്‍ന്നശേഷം പ്രതി ഒന്നുമറിയാത്തപോലെ രക്ഷപെട്ടു.
നാട്ടുകാരില്‍ ചിലര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
കടബാധ്യത തീര്‍ക്കാനാണ് പ്രതി മോഷണം നടത്തിയതെന്നാണ് വിവരം. മോഷ്ടിച്ച സ്വര്‍ണം തളിപ്പറമ്പിലെ ഒരു ജ്വല്ലറിയില്‍ വില്പന നടത്തിയതായി പോലീസ് കണ്ടെത്തി.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കാർത്യായനിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുശേഷം പ്രതി ഉപേക്ഷിച്ച ചുറ്റികയും പോലീസ് കണ്ടെത്തി.
സംഭവസ്ഥലത്തിന് തൊട്ടടുത്തുതന്നെയാണ് പ്രതി കൃത്യത്തിനുശേഷം ചുറ്റിക വലിച്ചെറിഞ്ഞത്. തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.