കണ്ണൂർ: മതപഠനത്തിനെത്തുന്ന കുട്ടികളെ ഉപയോഗിച്ച് വീട്ടിൽ നിന്നും സ്വർണം തട്ടിയെടുത്ത ഉസ്താദിനായി വല വിരിച്ച് പോലീസ്.
മദ്രസ അധ്യാപകന് അബ്ദുള്‍ കരീമി(50)നെതിരെയാണ് കണ്ണൂർ ജില്ലയിലെ ഉളിക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്.
നൂറോളം പവൻ സ്വർണം ഇയാൾ കുട്ടികളെ ഉപയോഗിച്ച് തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മലപ്പുറം ജില്ലയിൽ പോലീസ് ഇയാളെ തേടിയെത്തിയെങ്കിലും അത് ഉപേക്ഷിച്ച ആദ്യ ഭാര്യയുടെ വീടാണെന്ന് പോലീസ് കണ്ടെത്തി. ഉളിക്കല്‍ അറബിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കാര്‍ പോലീസ് കണ്ടെത്തി.
നിരവധി വിവാഹങ്ങൾ ഇയാൾ കഴിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാല് വര്‍ഷത്തിലധികമായി ഇയാള്‍ നുച്യാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
ഉളിക്കല്ലിലെ തന്നെ മറ്റൊരു പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ഇയാളെ പുറത്താക്കിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉളിക്കല്‍ എസ് ഐ കെ. വി. നിഷിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.
തട്ടിപ്പ് ഇങ്ങനെ
നബിയെ താൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ടെന്ന് ഇയാൾ കുട്ടികളോട് പറയും. നബിയെ സ്വപ്നത്തിൽ കണ്ടതിനാൽ തനിക്ക് ദിവ്യശക്തിയുണ്ടെന്നും നിങ്ങൾക്കും നബിയെ സ്വപ്നത്തിൽ കാണിച്ചു തരാമെന്നും അങ്ങനെ കണ്ടാൽ നിങ്ങൾക്കും ദിവ്യശക്തി ലഭിക്കുമെന്നും കുട്ടികളോട് ഇയാൾ പറഞ്ഞു. ഇതിനിടയിൽ ചില കൺകെട്ട് വിദ്യകൾ കുട്ടികളെ കാണിക്കും.
ഒരു ഗ്ലാസില്‍ പേപ്പര്‍ കഷണങ്ങള്‍ മുറിച്ചിട്ട് കുലുക്കിയ ശേഷം ചോക്ലേറ്റും അണ്ടിപ്പരിപ്പും എടുത്ത് കാണിച്ചാണ് കണ്കെട്ടിലൂടെ കുട്ടികളെ കബളിപ്പിച്ചിരുന്നതെന്നാണ് തട്ടിപ്പിനിരയായ കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
നബിയെ സ്വപ്നത്തിൽ കാണുന്നതിന് വീട്ടിൽ വച്ചിരിക്കുന്ന സ്വർണം നല്‍കണമെന്നാണ് കുട്ടികളോട് പറഞ്ഞിരുന്നത്. കൺകെട്ട് വിദ്യ കണ്ട് വിശ്വസിച്ച കുട്ടികൾ ഇയാൾക്ക് സ്വർണം കൊണ്ടുപോയി നല്‍കുകയും ചെയ്തു.
തനിക്ക് സ്വർണം തന്ന കാര്യം രക്ഷിതാക്കളോട് പറഞ്ഞാല്‍ കുട്ടികളുടെ തല പൊട്ടി തെറിക്കുമെന്നും ഉപ്പയോ ഉമ്മയോ മരിക്കുമെന്നും പറഞ്ഞു കുട്ടികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെവരെ ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചിരുന്നു. ചില കുട്ടികളെ മർദിക്കുകയും ചെയ്തിരുന്നു.
തട്ടിയെടുത്തത് നൂറോളം പവൻ
തട്ടിയെടുക്കുന്ന സ്വർണം ആഡംബരം ജീവിതത്തിനാണ് ചിലവഴിച്ചിരുന്നത്. പരാതി ലഭിച്ചത് 12 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ മാത്രമാണ്. എന്നാൽ, കുട്ടികളെ ഉപയോഗിച്ച് ഇയാൾ നൂറു പവനോളം സ്വർണം തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പലരും മാനഹാനി കാരണം പുറത്തു പറയുന്നില്ല.
ഉളിക്കല്‍ അറബിയിലെ വാടകവീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ ചോദ്യം ചെയ്തുവെങ്കിലും താന്‍ രണ്ടാം ഭാര്യയാണെന്നും അഞ്ചു വര്‍ഷത്തിനുള്ളില്‍ കോഴിക്കോട് ഒരു വീട്ടില്‍ മാത്രമേ കൊണ്ടുപോയിട്ടുള്ളുവെന്നും മറ്റ് വിവരങ്ങള്‍ ഒന്നും അറിയില്ലെന്നുമായിരുന്നു മൊഴി.
കുടുക്കിയത് ബിരുദ വിദ്യാര്‍ഥിനിയുടെ സംശയം
ബിരുദ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന് സ്വർണം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉസ്താദ് കുടുങ്ങിയത്. വീട്ടില്‍ മറ്റാരും വരാതിരുന്ന സമയത്ത് സ്വര്‍ണം നഷ്ടപ്പെട്ടത് വീട്ടുകാര്‍ക്കിടയില്‍ സംശയത്തിനടയാക്കി.
തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നല്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിൽ സ്വർണം ഉസ്താദിന് എടുത്തുകൊടുത്ത പെണ്‍കുട്ടിയുടെ സഹോദരന് വീട്ടില്‍ സ്വര്‍ണം പോയ സംഭവത്തില്‍ പോലീസില്‍ പരാതി നല്കാന് സാധ്യതയുണ്ടെന്ന് ഉസ്താദിനോട് പറഞ്ഞു.
പോലീസിൽ പരാതിപ്പെട്ടാൽ താൻ കുടുങ്ങുമെന്ന് ബോധ്യമായതോടെ പോലീസിൽ പരാതി നല്‍കേണ്ടെന്നും കുട്ടിയോട് കുടുംബാംഗങ്ങളെ കൂട്ടി തന്റെ അടുത്തുവരുവാൻ ഉസ്താദ് ആവശ്യപ്പെടുകയായിരുന്നു.
കുടുംബാംഗങ്ങൾ ഉസ്താദിന്റെ അടുത്ത് എത്തിയപ്പോൾ കണ്ണടച്ച് പ്രാർഥിച്ച് വീട്ടിൽ നിന്നും കാണാതെ പോയ സ്വർണത്തിന്റെ ഒരു ഭാഗം വീട്ടുകാർക്ക് നല്കി വിശ്വാസ്യത പിടിച്ചു പറ്റി.
ബാക്കി സ്വർണം വീട്ടിൽ തന്നെയുണ്ടെന്നും താൻ നേരിട്ട് വന്ന് എടുത്തു തരാമെന്നും ഇയാൾ വീട്ടുകാരോട് പറഞ്ഞു. വീട്ടിലെത്തിയ ഉസ്താദ് ബിരുദ വിദ്യാർഥിനിക്ക് ചെകുത്താന്റെ ശല്യമുണ്ടെന്ന് കണ്ണടച്ച് പ്രാർഥിച്ച ശേഷം പ്രഖ്യാപിക്കുകയായിരുന്നു.
ചെകുത്താനാണ് സ്വർണം തട്ടിയെടുത്തതെന്നും താൻ പ്രാർഥിച്ച് സ്വർണം മേടിച്ചു തരാമെന്നും പറഞ്ഞ് എല്ലാവരോടും കണ്ണടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടയിൽ കൈയിൽ സൂക്ഷിച്ച ബാക്കി സ്വർണം ഉസ്താദ് വീട്ടുകാർക്ക് നല്‍കുകയായിരുന്നു. ചെകുത്താനാണ് സ്വർണം എടുത്തതെന്ന് പറഞ്ഞതോടെ വീട്ടിലെ മുതിർന്ന സ്ത്രീ കുഴഞ്ഞു വീഴുകയും ചെയ്തു.
ഉസ്താദിന്റെ ഈ കാട്ടിക്കൂട്ടലുകൾ വീട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ഉസ്താദ് കുടുങ്ങുകയുമായിരുന്നു. പരാതി നല്കിയ വിവരം ലഭിച്ചതോടെ ഉസ്താദ് സ്വന്തം ബുള്ളറ്റിൽ മുങ്ങുകയായിരുന്നു.
തയാറാക്കിയത്: സി.ആർ. സന്തോഷ്